തൃപ്പൂണിത്തുറ: 12 കോടിയുടെ ബംപറടിച്ച ഭാഗ്യവാനെ കണ്ടെത്തിയതോടെ കിംവദന്തികള്‍ക്ക് വിരാമമായി. ഭാഗ്യദേവത കൈവെള്ളയില്‍ വന്നിട്ടും തിരസ്‌കരിച്ച വ്യക്തിയുമുണ്ട് തൃപ്പൂണിത്തുറയില്‍. മീനാക്ഷി ഏജന്‍സീസില്‍ നിന്ന് ഒന്നാം സമ്മാനാര്‍ഹമായ ടി.ഇ. 645465 നമ്പര്‍ ടിക്കറ്റ് വാങ്ങിയിട്ട് അത് തിരിച്ചുനല്‍കി മറ്റൊരു ടിക്കറ്റ് വാങ്ങിയ നാട്ടിലെ ഒരു പ്രമുഖന്‍ ഇപ്പോള്‍ നിരാശനാണ്.

ബംപറടിച്ചയാള്‍ ടിക്കറ്റ് ഏല്‍പ്പിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിച്ച് തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണ ബാങ്കില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ മണിക്കൂറുകളോളം ചില മാധ്യമ പ്രവര്‍ത്തകര്‍ കാത്തുനിന്നു. നാട്ടുകാരും ഇവര്‍ക്കൊപ്പം കൂടി.

തൃപ്പൂണിത്തുറ തെക്കുംഭാഗത്തുള്ള മൂന്നുപേരാണ് ഭാഗ്യശാലികളെന്നും ഇവര്‍ ഇവിടെ എത്തുമെന്നും രാവിലെ പ്രചരിച്ചിരുന്നു. എരൂരുള്ള ഒരാള്‍ക്കാണ് ബംപര്‍ അടിച്ചതെന്നറിഞ്ഞ് അവിടേക്കും ആളുകള്‍ അഭിനന്ദനവുമായി എത്തി. താനല്ല ആ ഭാഗ്യശാലിയെന്ന് അദ്ദേഹം പറഞ്ഞിട്ടും ആളുകള്‍ വിടാന്‍ തയ്യാറായിരുന്നില്ല.

തെക്കുംഭാഗത്തുള്ള മൂന്നുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി കിട്ടിയിരിക്കുന്നതെന്നും അവര്‍ പുറത്തറിയിക്കാത്തതാണെന്നുമൊക്കെയായി കഥകള്‍...

എന്തായാലും കഥകള്‍ക്കെല്ലാം അല്പായുസേ ഉണ്ടായുള്ളു. ഉച്ചകഴിഞ്ഞപ്പോള്‍ത്തന്നെ മരട് സ്വദേശിയായ ജയപാലനാണ് ആ ഭാഗ്യവാനെന്ന് എല്ലാവരും തിരിച്ചറിഞ്ഞു.

ആദ്യം സാമ്പിളായി 5000, പിന്നെ മരടിന് വെടിക്കെട്ട് ബമ്പര്‍

ജയപാലന്‍ തന്റെ ഓട്ടോറിക്ഷയില്‍
ജയപാലന്‍ തന്റെ ഓട്ടോറിക്ഷയില്‍

മരട്: ആദ്യം അടിച്ച 5000 രൂപയില്‍നിന്നാണ് ഓട്ടോ തൊഴിലാളിയായ ജയപാലന്‍ 12 കോടിയുടെ ബമ്പറിന് അര്‍ഹനായത്. സ്ഥിരമായി ഭാഗ്യപരീക്ഷണം നടത്തുന്നയാളാണ് ജയപാലന്‍. സമ്മാനമടിച്ച അയ്യായിരം രൂപയുടെ ടിക്കറ്റ് മാറാനാണ് മീനാക്ഷി ലോട്ടറി ഏജന്‍സിയിലെത്തിയത്. അവിടെ വെച്ച് നമ്പര്‍ കണ്ട് ഇഷ്ടപ്പെട്ട് എടുത്ത ടിക്കറ്റുകളിലൊന്ന് ജയപാലനെ കോടിപതിയുമാക്കി.

കടമില്ലാത ജീവിക്കണം എന്നതു മാത്രമാണ് ജയപാലന്റെ മോഹം. 25 വര്‍ഷമായി മരട് ആലുങ്കല്‍ പരീത് മുക്കിലാണ് ഓട്ടോ ഓടിക്കുന്നത്. മരട് സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് നാല് വര്‍ഷം മുമ്പ് എട്ട് ലക്ഷം രൂപ വായ്പയെടുത്ത് നിര്‍മിച്ച വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

തന്റെ കണ്ണടയും മുമ്പ് വീടിന്റെ കടം തീര്‍ത്ത് ജയപാലനും കുടുംബവും സമാധാനമായുറങ്ങുന്നത് കാണണമെന്നതായിരുന്നു ആഗ്രഹമെന്ന് ജയപാലന്റെ മാതാവ് 94 വയസ്സുള്ള ലക്ഷ്മി പറഞ്ഞു.

ഫലം വന്നപ്പോഴേ ഭാഗ്യം പടികയറി എത്തിയെന്ന് മനസ്സിലായി. ഇതേ സമയം സാമൂഹിക മാധ്യമങ്ങളിലും മറ്റും ബമ്പറടിച്ചവര്‍ പല സ്ഥലങ്ങളില്‍നിന്ന് പ്രത്യക്ഷപ്പെട്ടപ്പോള്‍ അമ്പരപ്പായി.

എന്തായാലും തിങ്കളാഴ്ച പത്രം നോക്കി ഉറപ്പുവരുത്താമെന്നും അതുവരെ ആരോടും പറയേണ്ടെന്നുമാണ് അച്ഛന്‍ തീരുമാനിച്ചതെന്ന് മൂത്ത മകന്‍ വൈശാഖ് പറഞ്ഞു. ബി.ജെ.പി. മരട് ഏരിയ കമ്മിറ്റി അംഗമായ ജയപാലന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാശംസയുടെ ഫ്‌ലക്‌സ്‌ െവയ്ക്കുന്നതിനായി ഞായറാഴ്ച രാത്രി വൈകിയും ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്നു. അവിടെയും ലോട്ടറിഭാഗ്യം ജയപാലന്‍ രഹസ്യമായി സൂക്ഷിച്ചു.

അതിരാവിലെ എഴുന്നേറ്റ് കുടുംബം മുഴുവനും പത്രം വരുന്നതും കാത്തിരുന്നു. പത്രം ൈകയില്‍ കിട്ടിയ ഉടനെ ഫലം നോക്കി ഉറപ്പിച്ച ശേഷം വൈകാതെ ബാങ്കില്‍ പോയി ടിക്കറ്റ് ഏല്‍പ്പിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി. ജയപാലന്റെ ഭാര്യ മണിയാകട്ടെ പതിവുപോലെ തൂപ്പുജോലിക്കായി ചോറ്റാനിക്കര പടിയാര്‍ മെമ്മോറിയല്‍ ഹോമിയോ മെഡിക്കല്‍ കോളേജിലേക്ക് പോയി.

വൈകീട്ടോടെ നാട് മുഴുവന്‍ വിവരങ്ങളറിഞ്ഞു. പരിചയക്കാരും പരിചയമില്ലാത്തവരുമൊക്കെ അഭിനന്ദനങ്ങളുമായെത്തി.

മാധ്യമ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയുള്ള തത്സമയ ദൃശ്യങ്ങള്‍ ജോലിസ്ഥലത്തിരുന്ന് ടി.വി.യിലൂടെയാണ് മണി കണ്ടത്.