കൊച്ചി: കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ വിദേശ രാജ്യങ്ങളില്‍ വ്യാപകമായതോടെ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബ്രസീല്‍, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാംബ്​വെ, സിംഗപ്പുര്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്കും ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ട് യാത്രാചരിത്രം ഉള്ളവര്‍ക്കുമാണ് പരിശോധന കര്‍ശനമാക്കിയത്. 

പ്രതിദിനം നിരവധി യാത്രക്കാരെത്തുന്ന നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും പരിശോധന വ്യാപകമാക്കും. നോഡല്‍ ഓഫീസര്‍ ഡോ. ഹനീഷ് മീരാസയുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരടങ്ങിയ എട്ടംഗ സംഘമാണ് പരിശോധന നടത്തുക. 

വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും അവരുമായി സമ്പര്‍ക്കം വന്നവരിലും നിരീക്ഷണം കര്‍ശനമാക്കും. ആദ്യഘട്ടത്തില്‍ ഇവരില്‍ ആര്‍.ടി.പി .സി.ആര്‍. ടെസ്റ്റ് നടത്തും. തുടര്‍ന്ന് ഇവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിക്കും. എട്ടാം ദിവസം വീണ്ടും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തും. വീണ്ടും പോസിറ്റീവ് ആയാല്‍ ഏഴു ദിവസം കൂടി ക്വാറന്റീന്‍ തുടരേണ്ടി വരും.  

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിയാലുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ആര്‍.ടി.പി.സി.ആര്‍. പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ ഇന്‍ഡ്യന്‍ സാര്‍സ് കോവിഡ് 2 ജീനോമിക് കണ്‍സോര്‍ഷ്യത്തിനു കീഴിലെ ജീനോം സീക്വന്‍സിംഗ് ലബോറട്ടറികളില്‍ വിദഗ്ധ പരിശോധനക്കായി അയക്കും.

content highlights: omicron: tests will be conducted in airports