എറണാകുളം: ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് അഡ്വെഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആകുമെന്ന പ്രഖ്യാപനവുമായി മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ അൺ എക്സ്പ്ലോർഡ് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്നും ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട് പ്രത്യേകതകൾ വ്യക്തമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഈ വർഷം തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം വൈപ്പിൻ നിയോജകമണ്ഡലത്തിലെ ടൂറിസം പദ്ധതികൾ സംബന്ധിച്ച് ടൂറിസം മേഖലയിലുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. ചെറായി ടൂറിസം ബീച്ച് ഹോട്ടൽ ആൻഡ് റിസോർട്ട് ഡെവലപ്മെന്റ് ഫോറത്തിന്റെ വെബ് സൈറ്റ് cherai tourism.org ന്റെ ലോഞ്ചിങ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

നാടിന്റെ ചരിത്രം, സംസ്കാരം, ജനങ്ങളുടെ പ്രത്യേകതകൾ ടൂറിസം കേന്ദ്രങ്ങളുടെ സാധ്യത തുടങ്ങിയ വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വർദ്ധിപ്പിക്കും. ഈ വിവരങ്ങൾ ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഈ വർഷം തന്നെ പുറത്തിറക്കും. ആഭ്യന്തര ടൂറിസം സാധ്യത മുന്നിൽ കണ്ട് മുന്നോട്ട് പോകണം. അൺ എക്സ്പ്ലോർഡ് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. കോവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ച മേഖലയാണ് ടൂറിസമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വെഞ്ചർ ടൂറിസത്തിന് എല്ലാ സാധ്യതയുള്ള ഒരു സ്ഥലം കൂടെയാണ് വൈപ്പിൻ. ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് അഡ്വെഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആകുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ മറ്റ് വകുപ്പുകളുമായി ചേർന്ന് പുതിയ ടൂറിസം സെന്ററുകൾ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതി രമണീയവും ചരിത്രപ്രാധാന്യവുമുള്ള മണ്ഡലമാണ് വൈപ്പിൻ. റിസോർട്ട്, മുസിരീസ്, അഡ്വെഞ്ചർ സ്പോർട്ട്സ്, ഡിറ്റിപിസി തുടങ്ങിയവയുടെ വൈവിധ്യമാർന്ന സാധ്യതകളെ കോർത്തിണക്കി മാസ്റ്റർ പ്ലാൻ തയാറാക്കും. ഇതിനായി സെപ്റ്റംബറിൽ ഉന്നതതല യോഗം ചേരും. മുസിരീസ് മുന്നോട്ട് വെച്ച 25 പേർക്ക് സഞ്ചരിക്കാവുന്ന സോളാർ ബോട്ടിന്റെ സാധ്യത സിയാലുമായി ചർച്ച നടത്തും. വൈപ്പിൻ നിയോജക മണ്ഡലത്തിന്റെ ടൂറിസം വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:Olympian PR Sreejesh will be the brand ambassador for adventure tourism