തിരുവനന്തപുരം: പുതിയ പദവി കൂടുതല്‍ ഉത്തരവാദിത്തം നിറഞ്ഞതാണെന്നും കേരളത്തില്‍ നിന്ന് കൂടുതല്‍ താരങ്ങളെ ഒളിമ്പിക്‌സിലെത്തിക്കാന്‍ പരിശ്രമിക്കുമെന്നും ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ്. വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ & സ്‌പോര്‍ട്‌സ്) ചുമതലയേറ്റ ശേഷം തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു ശ്രീജേഷ്. 

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായിരുന്നു ശ്രീജേഷ്. ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ശേഷം ജോയിന്‍റ് ഡയറക്ടറായി സ്ഥാനകയറ്റം നല്‍കുകയായിരുന്നു. 

സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷമാണ് ശ്രീജേഷ് ചുമതല ഏറ്റെടുത്തത്. ശ്രീജേഷിന് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. 

ഇതിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ശ്രീജേഷ് പങ്കെടുത്തു. മന്ത്രി വി ശിവന്‍കുട്ടി ശ്രീജേഷിനെ ആദരിച്ചു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ജീവന്‍ബാബു കെ. എന്നിവര്‍ക്കൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

Content Highlights: Olympian pr sreejesh took charge as joint director physical education and sports