Photo: Mathrubhumi news screengrab
കല്‍പ്പറ്റ: വയനാട് അമ്പലവയല്‍ ആയിരംകൊല്ലിയില്‍ വയോധികനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 68-കാരനായ മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളും ഇവരുടെ അമ്മയും പോലീസിന് മുന്നില്‍ കീഴടങ്ങി. പോലീസ് മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. 15, 16 വയസ്സുകാരാണ് പെണ്‍കുട്ടികള്‍.
തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. വര്‍ഷങ്ങളായി മുഹമ്മദിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു കീഴടങ്ങിയ സ്ത്രീയും പെണ്മക്കളും. മുഹമ്മദിന്റെ ഭാര്യ പുറത്തുപോയ സമയത്ത്, പെണ്‍കുട്ടികളുടെ അമ്മയെ ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് മൊഴി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികളും മുഹമ്മദും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കോടാലികൊണ്ട് മുഹമ്മദിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പെണ്‍കുട്ടികളും അമ്മയും നല്‍കിയിരിക്കുന്ന മൊഴി.
പിന്നീട് മൃതദേഹം ചാക്കില്‍ക്കെട്ടി വീടിനു സമീപത്തെ പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു പെണ്‍കുട്ടികളും അമ്മയും കീഴടങ്ങിയത്. മുഹമ്മദ് ഇതിനു മുന്‍പും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടികളെ ബുധനാഴ്ച ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കും.
content highlights: oldman murdered by girls in wayanad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..