കോഴിക്കോട്:  നവീകരിച്ച സൗത്ത് ബീച്ചില്‍ കടല്‍പാലം വീണ് 13 പേര്‍ക്ക് പരിക്കേറ്റു. സുമേഷ്(29), എല്‍ദോ(23), റിയാസ്(25), അനസ്(25), ശില്‍പ(24), ജിബീഷ്(29), അഷര്‍(24), സ്വരാജ്(22), ഫാസില്‍(21), റംഷാദ്(27), ഫാസില്‍(24), അബ്ദുള്‍ അലി(35), ഇജാസ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. ബീച്ചിലെത്തിയ ഇവര്‍ കടല്‍പാലത്തിന് മുകളില്‍ കയറിയതായിരുന്നു. ഈ സമയത്ത് പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പരിക്കേറ്റവരില്‍ ശില്‍പയുടെ തലയ്ക്ക് പൊട്ടലുണ്ട്. മറ്റുള്ളവര്‍ക്കെല്ലാം നിസാര പരിക്കാണ്. അതേസമയം വൈകുന്നേരങ്ങളില്‍ പാലത്തിനടിയില്‍ ആളുകള്‍ ഇരിക്കാറുണ്ടെന്ന് ദൃക്ഷസാക്ഷികള്‍ പറഞ്ഞു. കൂടാതെ കടല്‍ വെള്ളത്തില്‍ അപകടം നടന്ന ഭാഗത്ത് കടല്‍ വെള്ളത്തില്‍ രക്തം കണ്ടുവെന്ന് ദൃക്ഷസാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബീച്ച് ഫയര്‍ഫോഴ്സും ടൗണ്‍പൊലിസും സ്ലാബുകള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 

ജെ.സി.ബി കൊണ്ടുവന്ന് സ്ലാബുകള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്താനായിരുന്നു അധികൃതര്‍ ആദ്യം ശ്രമിച്ചിരുന്നത്. എന്നാല്‍ ബീച്ചിലേക്ക് ജെ.സി.ബി എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ കട്ടര്‍ ഉപയോഗിച്ച് സ്ലാബുകള്‍ മുറിച്ചു നീക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കലക്ടര്‍ എസ്.സാംബശിവ റാവു എന്നിവര്‍ സ്ഥലത്തെത്തി.

Content Highlights: Old sea bridge collapsed in Kozhikode beach; three injured