ഓലശ്ശേരി സീനിയർ ബേസിക് സ്കൂൾ
ജെൻഡർ ന്യൂട്രൽ എന്ന പദം കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികമായില്ല. കാലപ്പഴക്കം ചെന്ന വ്യവസ്ഥകളോട് കലഹിച്ചുമാത്രമേ ലിംഗസമത്വ സമൂഹത്തിലേക്ക് ചുവടുവെക്കാനാവൂ. കേരളത്തിലെ ഒരു സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം സ്വീകരിച്ച വാർത്ത പുറത്തുവന്ന് അധികമായില്ല. ഇപ്പോഴിതാ പാലക്കാട് നിന്നുള്ള മറ്റൊരു സ്കൂൾ ഒരു നവീന ആശയവുമായി എത്തിയിരിക്കുകയാണ്. സർ, മാഡം, മാഷ് എന്നീ വിളികൾ ഇനി വിദ്യാലയ പരിധിയിലുണ്ടാകില്ല, പകരം ഒരൊറ്റ പദം മാത്രം. ടീച്ചർ.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പൂർണ പിന്തുണയുണ്ട്- വേണുഗോപാലൻ എച്ച്. (പ്രഥമാധ്യാപകൻ)

മൂന്നു വർഷമായി സീനിയർ ബേസിക് സ്കൂളിലെ പ്രധാന അധ്യാപകനാണ്. പാലക്കാട് തന്നെയുള്ള മാത്തൂർ പഞ്ചായത്തിൽ സർ, മേഡം വിളികൾ ഒഴിവാക്കണമെന്ന് പറഞ്ഞ് പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത ഒരു ക്യാംപയിന് തുടക്കമിട്ടിരുന്നു. അതിന്റെ ചുവടുപിടിച്ച് മാത്തൂർ പഞ്ചായത്തിൽ അത്തരം വിളികൾ ഒഴിവാക്കിയിരുന്നു. തുടർന്ന് സ്കൂളിലെ അധ്യാപകനായ സജീവ് കുമാർ ആണ് നമ്മുടെ വിദ്യാലയത്തിലും എന്തുകൊണ്ട് ഇത്തരമൊരു രീതി പിന്തുടർന്നുകൂടാ എന്ന ആശയം മുന്നോട്ടുവച്ചത്. സർ, മാഡം വിളികൾ മാറ്റി ടീച്ചർ, മാഷ് എന്നു മാറ്റാനായിരുന്നു തുടക്കത്തിൽ ശ്രമിച്ചത്. നവംബർ ആദ്യവാരത്തോടെ അത്തരമൊരു തീരുമാനത്തിലേക്കു നീങ്ങി. എന്നാൽ പിന്നീടാണ് സാർ എന്നു വിളിക്കുമ്പോഴുള്ള വേർതിരിവിനെക്കുറിച്ചു ചിന്തിച്ചത്. അങ്ങനെ ജെൻഡർ ന്യൂട്രൽ പദപ്രയോഗത്തിന്റെ ഭാഗമായാണ് ടീച്ചർ എന്ന് പുരുഷ അധ്യാപകരെയും സ്ത്രീ അധ്യാപകരെയും അഭിസംബോധന ചെയ്യാമെന്ന് തീരുമാനിച്ചത്. കുട്ടികൾ അതിനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. കുട്ടികളിൽ ഭൂരിഭാഗം പേരും ആ മാറ്റം ഉൾക്കൊള്ളാനും ശ്രമിക്കുന്നുണ്ട്. ഒപ്പം രക്ഷിതാക്കളുടെയും പൂർണ പിന്തുണ ഈ മാറ്റത്തിനുണ്ട്. അടുത്തിടെ യൂണിഫോം വിഷയത്തിലും ജെൻഡർ ന്യൂട്രലായ സ്കൂളുകളെ കണ്ടു. അത്തരമൊരു മാറ്റത്തിലേക്കും വൈകാതെ സ്കൂൾ കടക്കും. പിന്നോക്ക അവസ്ഥയിലുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ്, അതിനാൽ എടുത്തുചാടി അത്തരമൊരു തീരുമാനത്തിലേക്ക് കടക്കാൻ കഴിയില്ല. എങ്കിലും കാലക്രമേണ മാറ്റത്തിന്റം ഭാഗമാകും.
സമൂഹത്തിന്റെ സ്വീകാര്യതയും അനിവാര്യം- സജീവ് കുമാർ (അധ്യാപകൻ)

ടീച്ചർ, മാഷ് എന്നാക്കാം; സർ വിളികൾ ഒഴിവാക്കാം എന്നു പറഞ്ഞാണ് പ്രധാന അധ്യാപകന് ആദ്യം കത്തു നൽകുന്നത്. അടുത്ത ദിവസം കൂടിയ മീറ്റിങ്ങിൽ അതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് മാസ്റ്റർ എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാളമാണ് മാഷ് എന്ന് തിരിച്ചറിയുകയും അത്തരമൊരു വിളിയിൽ വേർതിരിവുണ്ടെന്നും മനസ്സിലാക്കുന്നത്. തുടർന്നാണ് മാഷ് എന്നതും ഒഴിവാക്കി ടീച്ചർ എന്നു മാത്രമാക്കാൻ തീരുമാനിച്ചത്. അധ്യാപകരുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക രേഖകളിലും ടീച്ചർ എന്നാണ് അറിയപ്പെടുന്നത്. അസോസിയേഷനുകൾ ഉൾപ്പെടെ ടീച്ചർ എന്ന പ്രയോഗത്തോടെയാണ് അഭിസംബോധന ചെയ്യുന്നത്. കുട്ടികളും പൂർണ സന്തോഷത്തോടെ സ്വീകരിക്കുകയാണ് ഉണ്ടായത്. അവരുടെ കാഴ്ചപ്പാടിൽ പുരുഷ അധ്യാപകർ സർ എന്നും സ്ത്രീ അധ്യാപകർ ടീച്ചർ എന്നുമാണ് വിളിക്കപ്പെടുന്നത്. ചിലർക്കൊക്കെ ആ മാറ്റം ഉൾക്കൊള്ളാൻ സമയമെടുക്കുന്നുണ്ടെങ്കിലും അവരതിനെ സ്വീകരിക്കുന്നുണ്ട്. ഒരിക്കലും കുട്ടികളെ ഇക്കാര്യം പറഞ്ഞ് അടിച്ചേൽപ്പിക്കുന്നുമില്ല. ഈ ഒരു വിഷയത്തിൽ മതിയായ സ്വീകാര്യത സമൂഹത്തിൽ നിന്ന് കിട്ടണമെന്നു കൂടി ആഗ്രഹിക്കുകയാണ്.
ഈ മാറ്റം എല്ലാ വിദ്യാലയങ്ങൾക്കും മാതൃകയാവട്ടെ- സൗമ്യ എം.വി. (അധ്യാപിക)

വളരെ പോസിറ്റീവായാണ് ഈ മാറ്റത്തെ കാണുന്നത്. ലിംഗസമത്വത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്ന കാലമാണിത്. അതിനോട് ചുവടുപിടിക്കുന്ന തീരുമാനം സ്കൂളിന്റെ ഭാഗത്തു നിന്നുണ്ടായതിൽ ഏറെ സന്തോഷമുണ്ട്. എല്ലാ വിദ്യാലയങ്ങൾക്കും മാതൃകയാവട്ടെ ഈ തീരുമാനം എന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തു നിന്നുള്ള പിന്തുണയും ഏറെ പ്രധാനമാണ്. തുല്യത ഉറപ്പു വരുത്താൻ പരമാവധി ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം സ്കൂളുകൾക്ക് ചെയ്യാനാവട്ടെ.
വേർതിരിവുകൾ ഒഴിവാക്കുന്ന തീരുമാനം- വിനീത് (പി.ടി.എ. ഭാരവാഹി)
എല്ലാവർക്കും സ്വീകാര്യമായ ഒരു തീരുമാനമായിരുന്നു അത്. ഞങ്ങളുടെ കാലത്തെല്ലാം മാഷ്, ടീച്ചർ വിളികളാണ് ഉണ്ടായിരുന്നത്. അത്തരം വേർതിരിവുകൾ എല്ലാം ഒഴിവാക്കുന്ന തീരുമാനമാണല്ലോ ഇത്. ടീച്ചർ എന്ന് വിളിക്കുമ്പോൾ തുല്യത കൂടിയാണ് ഉണ്ടാകുന്നത്.
ലിംഗസമത്വത്തിലേക്കുള്ള മുന്നോടി- വിനയ രമേഷ് (വിദ്യാർഥി)
ഇനിമുതൽ അധ്യാപകരെ ടീച്ചർ എന്നാണ് അഭിസംബോധന ചെയ്യേണ്ടത് എന്നു കേട്ടപ്പോൾ സന്തോഷമാണ് ഉണ്ടായത്. ലിംഗസമത്വത്തിലേക്കുള്ള മുന്നോടിയാണിത്. അതിന് ഞങ്ങളുടെ സ്കൂളിൽ തുടക്കമിടാനായതിൽ അഭിമാനമുണ്ട്. മറ്റു വിദ്യാലയങ്ങൾക്കും ഇത് മാതൃകയാക്കാനാവട്ടെ എന്നാശംസിക്കുന്നു.
വിദ്യാലയങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല- ബോബൻ മാട്ടുമന്ത (പൊതുപ്രവർത്തകൻ)

പൗരബോധത്തിന് അടിത്തറ പാകുന്നയിടങ്ങളാണ് വിദ്യാലയങ്ങൾ. അവിടെ വാക്കുകളിലൂടെ ഉണ്ടാകുന്ന ലിംഗവിവേചനമാണ് ജീവിതത്തിന്റെ അവസാനഘട്ടം വരെ വിധേയത്വ മനോഭാവവും ആൺപെൺ വേർതിരിവുകളുമൊക്കെ ഉണ്ടാക്കുന്നത്. ഒരു സ്കൂളിലേക്ക് കാലെടുത്തു വെച്ച് അക്ഷരങ്ങൾ പഠിക്കും മുമ്പേ പഠിക്കുന്നതാണ് സർ, മാഡം വിളികൾ. കൊളോണിയൽ കാലത്തെ പദങ്ങളാണ് നാം ഇപ്പോഴും പിന്തുടരുന്നത്. സ്വാതന്ത്ര്യം കിട്ടി ഇത്രകാലം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഈ പദങ്ങൾക്ക് മാറ്റം വരുത്താൻ കഴിയാത്തത്. അത്തരം ആശയത്തിന്റെ ഭാഗമായാണ് മാത്തൂർ പഞ്ചായത്തിൽ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞത്. അഭിസംബോധനാ പദങ്ങളുടെ തന്നെ ആവശ്യമില്ലെന്നാണ് തോന്നുന്നത്. ഇനി വേണമെങ്കിൽ സുഹൃത്ത് എന്നോ, മിസ്റ്റർ ചേർത്ത് പേരുവിളിച്ചോ അഭിസംബോധന ചെയ്താൽ മതിയല്ലോ. കഴിഞ്ഞ ദിവസം പത്രങ്ങളിൽ വന്ന ട്രാൻസ്ജെൻഡർ അധ്യാപികയായ അനീറയെ എങ്ങനെ അഭിസംബോധന ചെയ്യും? ടീച്ചർ എന്ന ഒരൊറ്റ പദമായാൽ അത്തരം ആശങ്കകൾ ഒന്നുമുണ്ടാകില്ല. അതുകൊണ്ട് മാറ്റങ്ങൾ അനിവാര്യമാണ്. വിദ്യാലയങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട കാര്യമല്ല ഇത്. പഠിപ്പിക്കുന്ന ആരൊരാൾ അവർ ടീച്ചർ എന്നു മാത്രമേ ഇതിലൂടെ ഉദ്ദേശിക്കുന്നുള്ളു, അതിലൊരു വേർതിരിവുകളും ഉണ്ടാവരുത്. കേരളത്തിലെ സ്കൂളുകളെല്ലാം ഈ രീതി മാതൃകയാക്കേണ്ടതാണ്.
Content Highlights: Olassery senior basic school, no sir or madam addressing teachers as teacher, gender neutral, gender neutral terms
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..