പെരുമ്പടപ്പ് സ്വദേശിനി മിനി ജോസി നഗരസഭാ ഓഫീസിലെത്തി ഉദ്യോഗസ്ഥനിൽനിന്ന് ലൈസൻസ് സ്വീകരിക്കുന്നു
പള്ളുരുത്തി : ഒടുവിൽ മിനി ജോസിക്ക് ധാന്യ മിൽ തുടങ്ങുന്നതിനുള്ള ലൈസൻസ് കിട്ടി. ലൈസൻസിനായി ഓഫീസ് കയറിയിറങ്ങിയ യുവ സംരംഭകയോട് നഗരസഭാ ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ച സംഭവം വലിയ വിവാദമായിരുന്നു.
കൊച്ചി പെരുമ്പടപ്പ് സ്വദേശിനി മിനി ജോസിയാണ് നഗരസഭയുടെ ഹെൽത്ത് ഓഫീസിലും റവന്യു വിഭാഗം ഓഫീസിലും കയറിയിറങ്ങി വലഞ്ഞത്. ഒടുവിൽ ഹെൽത്ത് വിഭാഗത്തിലെ ശുചീകരണ തൊഴിലാളിയാണ് ആ ഓഫീസിലെ മറ്റുള്ളവർക്കു കൂടി വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടത്. 25,000 രൂപ കൈക്കൂലി ചോദിച്ചെന്നായിരുന്നു പരാതി. റവന്യു ഓഫീസിലെ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നും ഇവർ പരാതിപ്പെട്ടു. ഇദ്ദേഹം മർദിക്കാൻ മുതിർന്നതായും യുവതി പരാതിപ്പെട്ടിരുന്നു.
മനംനൊന്ത് കൈയിലുണ്ടായിരുന്ന രേഖകൾ കീറിയെറിഞ്ഞ് ഓഫീസിൽനിന്ന് ഇറങ്ങിപ്പോന്ന മിനി, തന്റെ അനുഭവം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് വ്യവസായ മന്ത്രി പി. രാജീവ് പ്രശ്നത്തിൽ ഇടപെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്തും വാർഡ് കൗൺസിലർ സി.എൻ. രഞ്ജിത്തും ഇവരുടെ വീട്ടിലെത്തി. ഇവർക്ക് ലൈസൻസ് ലഭിക്കുന്നതിന് സംവിധാനമൊരുക്കാനാണ് മന്ത്രി നിർദേശിച്ചത്. കീറിക്കളഞ്ഞ രേഖകൾ പരിഗണിക്കാതെ തന്നെ ഇവർക്ക് ഉദ്യോഗസ്ഥർ ലൈസൻസ് തയ്യാറാക്കി.
വ്യാഴാഴ്ച ലൈസൻസ് മിനി ജോസിക്ക് കൈമാറി. ലൈസൻസ് കിട്ടിയ ശേഷവും മന്ത്രി പി. രാജീവ് വിളിച്ചതായി മിനി ജോസി പറഞ്ഞു. സംരംഭവുമായി ബന്ധപ്പെട്ട ആവശ്യമായ സഹായങ്ങൾ ഇനിയും നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി കച്ചേരിപ്പടി ഹെൽത്ത് വിഭാഗം ഓഫീസിലെ ശുചീകരണ തൊഴിലാളിയെ നഗരസഭ സസ്പെൻഡ് ചെയ്തിരുന്നു. പള്ളുരുത്തി മേഖലാ ഓഫീസിലെ റവന്യു വിഭാഗം ക്ലാർക്കിനെ സെക്ഷൻ മാറ്റുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും നഗരസഭാധികൃതർ പറഞ്ഞു.
Content Highlights : Bribe Issue; The young entrepreneur finally got the license
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..