കൊച്ചി: ദക്ഷിണ കൊറിയയില്‍ കാര്‍ഷികവൃത്തിയ്ക്കായി അപേക്ഷകരുടെ തള്ളിക്കയറ്റം. പത്താംക്ലാസ് യോഗ്യത വേണ്ട ജോലിക്ക് ഡിഗ്രിയും പിജിയും ഉള്ളവര്‍ വരെ അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷകര്‍ 5000 കവിഞ്ഞതോടെ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ചു. ആദ്യഘട്ടത്തില്‍ നൂറു പേര്‍ക്കാണ് അവസരമുള്ളത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുമെന്ന് ഒഡെപെക് അറിയിച്ചു.

ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായുള്ള മേഖലയില്‍ ഉള്ളിക്കൃഷിക്കായി കരാറടിസ്ഥാനത്തിലാണ് കേരളത്തില്‍ നിന്ന് ആളുകളെ വിളിച്ചിരുന്നത്. ഏകദേശം ഒരു ലക്ഷം രൂപ (1500 ഡോളര്‍) ശമ്പളമുള്ള ജോലിക്ക് പത്താംക്ലാസാണ് യോഗ്യത. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് നേരിട്ടാണ് റിക്രൂട്ടിങ് നടത്തുന്നത്.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും മികച്ച വരുമാനവും മുന്നില്‍ക്കണ്ട് ആയിരക്കണക്കിന് ആളുകളാണ് അപേക്ഷകരായി എത്തിയത്. ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചും വെള്ളിയാഴ്ച എറണാകുളത്ത് വെച്ചും ജോലിയെ സംബന്ധിച്ചും കൊറിയയിലെ സാഹചര്യങ്ങളെ കുറിച്ചും സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്തവരെല്ലാം സെമിനാറില്‍ പങ്കെടുക്കണം. ഇതിനുശേഷമാകും തുടര്‍നടപടികള്‍.

ജോലിയെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം സെമിനാറില്‍ വീഡിയോയുടെ സഹായത്തോടെ വിവരിക്കുമെന്ന് ഒഡെപെക് മാനേജിങ് ഡയറക്ടര്‍ കെ.എ.അനൂപ് പറഞ്ഞു. വളരെ തണുപ്പുകൂടിയ പ്രദേശമാണ് കൊറിയ. അവിടത്തെ കാലാവസ്ഥ, ജീവിതരീതി തുടങ്ങിയ കാര്യങ്ങളെല്ലാം സെമിനാറില്‍ വിശദമാക്കും. പിന്നീട് താല്‍പര്യവും യോഗ്യതയുമുള്ളവരെ അഭിമുഖത്തിനയക്കും.

കോവിഡ് മൂലം സെമിനാര്‍ ഹാളില്‍ ഉള്‍ക്കൊള്ളിക്കാവുന്നവരുടെ എണ്ണത്തില്‍ വലിയ പരിമിതിയുണ്ട്. അതിനാലാണ് അപേക്ഷകരുടെ എണ്ണം അയ്യായിരത്തില്‍ ഒതുക്കേണ്ടിവന്നത്. ആയിരം പേരെ ആവശ്യപ്പെട്ടതില്‍ 100 പേര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ റിക്രൂട്ടിങ് നടത്തുന്നത്. അതിനുശേഷം കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം -ഒഡെപെക് എംഡി കൂട്ടിച്ചേര്‍ത്തു.

വിദേശജോലിക്ക് ഒഡെപെക്കില്‍ രജിസ്റ്റര്‍ ചെയ്യാം

വിദേശജോലിയ്ക്ക് താല്‍പര്യമുള്ളവര്‍ക്ക് ഒഡെപെക് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനാകും. രണ്ടു വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന് 250 രൂപയാണ് ഫീസ്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലികള്‍ വന്നാല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കാണ് റിക്രൂട്ടിങ്ങില്‍ മുന്‍ഗണന. ഇവരില്‍ നിന്നും ആവശ്യമായവരെ കിട്ടിയില്ലെങ്കിലേ പബ്ലിക് നോട്ടിഫിക്കേഷന്‍ വഴി ജീവനക്കാരെ റിക്രൂട്ട് ചെയ്യൂ.