തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളോടും ബന്ധുക്കളോടുമുള്ള പോലീസിന്റെ പെരുമാറ്റം ക്രൂരമായിപ്പോയെന്ന് ബിജെപി എം.എല്‍.എ ഒ. രാജഗോപാല്‍ പറഞ്ഞു.
എസിപിയുടെയും മറ്റു പോലീസുകാരുടെയും ഭാഗത്തുനിന്ന് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായത്. വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിനിടയില്‍ ഇവരോട് സംസാരിച്ചത് വളരെ മോശം ഭാഷയിലാണ്. സ്ത്രീകള്‍ക്കെതിരായി വലിയ അതിക്രമമാണ് നടന്നത്. കുറ്റവാളികളെ കൊണ്ടുപോകുന്നതുപോലെ പോലീസ് വാഹനത്തില്‍ കൊണ്ടുപോകുകയാണ് ചെയ്തത്. ഈ രീതിയില്‍ അവഹേളനപരമായി പെരുമാറുന്നത് അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല.
ഇടതുപക്ഷത്തിന്റെ കൂടെ നിന്നവരാണ് ജിഷ്ണുവിന്റെ കുടുംബം. അവര്‍ക്കാണ് ഡിജിപിയെ കാണാന്‍ അവസരം നല്‍കാതെ പോലീസ് ആക്രമണത്തിന് ഇരയാകേണ്ടിവന്നത്. പഴയ സഖാക്കള്‍ക്കുവേണ്ടിയല്ല, പുത്തന്‍ പണക്കാരെ സംരക്ഷിക്കാന്‍വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.
ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ നടപടികള്‍ നിര്‍ത്തിവെച്ച് അവരെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കണം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിജിപിയുടെ ഓഫീസിലേയ്ക്ക് ബിജെപി മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..