
Photo: Mathrubhumi screen grab
തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി വാർത്ത സൃഷ്ടിച്ച ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ ഇത്തവണ സ്പീക്കര്‍ക്കെതിരായ പ്രമേയത്തെ അനൂകൂലിച്ചു. സ്പീക്കര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടുന്നവര്ക്കൊപ്പം നിന്ന് അവരുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുക എന്നത് വളരെ ദുഃഖകരമാണെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു.
സാധാരണ രാഷ്ട്രീയ കാരണങ്ങളാല്‍ അവിശ്വാസ പ്രമേയങ്ങള്‍ സഭയില്‍ വരാറുണ്ട്. ചര്‍ച്ചകളും നടക്കാറുണ്ട്. എന്നാല്‍ ഇന്ന് അവതരിപ്പിച്ചിരിക്കുന്ന പ്രമേയം തികച്ചും വ്യത്യസ്തമാണ്. സ്പീക്കര്‍ സ്ഥാനത്തിരിക്കുന്ന വ്യക്തി കള്ളക്കടത്ത് കേസില്‍ കുറ്റാരോപിതനായി അഴിമതി ആരോപണങ്ങളുടെ മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ടിവരുന്നു എന്നതും വളരെ ഖേദകരമാണ്. സ്പീക്കര്‍ ഈ സഭയിലെ 140 അംഗങ്ങളുടെയും മാതൃകാപുരുഷനാകേണ്ട ആളാണ്. മാതൃക ആയില്ലെങ്കിലും മറ്റുള്ളവര്ക്കൊപ്പമെങ്കിലും നില്‍ക്കേണ്ടതല്ലേ?
പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പലതരം സ്വാധീനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയരാകാറുണ്ട്. അത്തരം സ്വാധീനങ്ങളെയും സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കുമ്പോഴാണ് മാതൃകാ പൊതുപ്രവര്ത്തകന് ആകുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ തിരിച്ചറിയാനും അവരെ അകറ്റിനിര്‍ത്താനും ശ്രമിക്കുമ്പോഴാണ് യഥാര്‍ഥ പൊതുപ്രവര്‍ത്തകനാകുന്നത്. അവരുടെ ഒപ്പം നിന്ന് അവരുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുക എന്നത് വളരെ ദുഃഖകരമാണ്. താന്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നതായും രാജഗോപാല്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ കുറ്റാരോപിതനാണെന്ന ഒ. രാജഗോപാലിന്റെ പരാമര്‍ശത്തിനെതിരെ വി.എസ്. സുനില്‍കുമാര്‍ രംഗത്തെത്തി. ഈ പരാമര്‍ശം ഒഴിവാക്കണമെന്ന് അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു.
Content Highlights: O. Rajagopal in favor of the resolution Kerala Legislative Assembly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..