തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു. ചേര്‍ത്തലയില്‍ നിന്നു തിരുവനന്തപുരത്തേക്കു നടത്താനിരുന്ന ലോങ് മാര്‍ച്ചും പിന്‍വലിച്ചിട്ടുണ്ട്. പുതുക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയ സാഹചര്യത്തിലാണു സമരം പിന്‍വലിക്കാനുള്ള തീരുമാനം. 

അതേസമയം അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ചിട്ടും സമരം ചെയ്യുന്നത് ജനവികാരം എതിരാകുമെന്നതും സമരം പിന്‍വലിക്കാന്‍ കാരണമായി. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ഔദ്യോഗിക തീരുമാനം പുറത്തുവന്നത്. സമരം പിന്‍വലിച്ചെങ്കിലും നഴ്‌സുമാര്‍ക്ക് നല്‍കിവന്നിരുന്ന അലവന്‍സുകള്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ വെട്ടിക്കുറച്ചത് നിയമപരമായി നേരിടാനാണ് യുഎന്‍എയുടെ തീരുമാനം. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാനും നിയമനടപടി സ്വീകരിക്കുമെന്നും യുഎന്‍എ അറിയിച്ചിട്ടുണ്ട്.

നേരത്തെ കരട് വിജ്ഞാപനത്തിന്റെ പകര്‍പ്പ് ലഭിച്ചില്ലെന്നു പറഞ്ഞ് സമരം നടത്തുമെന്ന് യുഎന്‍എ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് തിരക്കിട്ട് വിജ്ഞാപനം പുറത്തിറക്കിയതെന്നാണ് വിവരം. 

അതേസമയം പരിഷ്‌കരിച്ച വിജ്ഞാപന പ്രകാരം കിടക്കകളുടെ അടിസ്ഥാനത്തില്‍ ആശുപത്രികളെ ആറ് വിഭാഗങ്ങളായി തിരിച്ചാണ് ശമ്പളപരിഷ്‌ക്കരണം.  ആശുപത്രി അറ്റന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് 16,000 രൂപയും സ്റ്റാഫ് നഴ്‌സുമാര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന് 20,000 രൂപയും ലാബ്‌ടെക്‌നീഷ്യന്മാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് 20,000 രൂപയും കുറഞ്ഞശമ്പളമായി ലഭിക്കും. 

നഴ്സുമാരുടെ മിനിമം ശമ്പളം 20,000 രൂപയാക്കിയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. അമ്പത് കിടക്കകള്‍ വരെ 20,000 രൂപ, 50 മുതല്‍ 100 കിടക്കകള്‍ വരെ 24400 രൂപ, 100 മുതല്‍ 200 കിടക്കകള്‍ വരെ 29400 രൂപ, 200 ല്‍ കൂടുതല്‍ കിടക്കകളുണ്ടെങ്കില്‍ 32400 രൂപ ഇങ്ങനെയാണ് പുതിയ വിജ്ഞാപനത്തിലെ കണക്ക്.

സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനത്തില്‍ നിന്നും വ്യത്യസ്തമായി അലവന്‍സുകള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ളതാണ് അന്തിമവിജ്ഞാപനമെന്നാണറിയുന്നത്. അലവന്‍സുകള്‍ വെട്ടിക്കുറക്കാന്‍ ഉപദേശക സമിതിയായിരുന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ വലിയ പ്രതിഷേധവും ഉണ്ടായിരുന്നു. തുടര്‍ന്നായിരുന്നു വീണ്ടും സമരം എന്ന നിലയിലേക്ക് നഴ്സുമാര്‍ എത്തിച്ചേര്‍ന്നത്. ഈ തീരുമാനം പിന്നീട് പിന്‍വലിക്കുകയായിരുന്നു.