കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയ്ക്ക് പിന്നാലെ മുസ്ലിം വിരുദ്ധ പ്രസ്താവനയുടെ പേരില്‍ കന്യാസ്ത്രീകളുടെ പ്രതിഷേധം. കുറവിലങ്ങാട് മഠത്തില്‍ നടന്ന കുർബാനയ്ക്കിടെ വൈദികന്‍ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതിന്‍റെ പേരില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, നീനാ റോസ്, ജോസഫിന്‍ എന്നിവരാണ് വൈദികനെതിരേ ആരോപണം ഉന്നയിച്ച് മാധ്യമങ്ങളെ കണ്ടത്. മഠത്തിലെ ചാപ്പലില്‍ ഞായറാഴ്ച നടന്ന കുര്‍ബാനയില്‍ വൈദികന്‍ മുസ്ലീം വിരുദ്ധ പ്രസംഗം ആരംഭിച്ചപ്പോഴാണ് തങ്ങള്‍ അത് തടഞ്ഞ ശേഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയതെന്ന് കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ക്രിസ്ത്യാനികള്‍ക്ക് പലര്‍ക്കും കുട്ടികള്‍ ഉണ്ടാകാതിരിക്കുന്നതുതന്നെ അതിനായി ചില മരുന്നുകള്‍ പ്രയോഗിക്കുന്നതുകൊണ്ടാണെന്ന് അച്ചന്‍ ഇന്നത്തെ പ്രസംഗത്തില്‍ പറഞ്ഞതായി കന്യാസ്ത്രീകള്‍ ആരോപിക്കുന്നു.  മുന്‍പും മുസ്ലിം സമുദായത്തില്‍പ്പെട്ടവരെ അവഹേളിച്ചുകൊണ്ട് ഇതേ വൈദികന്‍ പ്രസംഗിക്കുക പതിവായിരുന്നു. ഈശോ സിനിമയുമായി ബന്ധപ്പെട്ടും ഇത്തരം പരാമർശങ്ങള്‍ നടത്തിയിരുന്നു. 

ഇന്ന് കുര്‍ബാനയ്ക്കിടയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ തങ്ങള്‍ ഉള്‍പ്പെടെ കന്യാസ്ത്രീകള്‍ പ്രതികരിക്കുകയായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയമായ പരാമര്‍ശങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇത്തരം  പ്രസംഗം പള്ളിയില്‍ നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ചാപ്പലില്‍നിന്ന് കുര്‍ബാന കൂടാതെ ഇറങ്ങിപ്പോയെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

അന്തേവാസികളായ നാലുപേരും 12 കന്യാസ്ത്രീകളും മാത്രമാണ് കുര്‍ബാനയില്‍ പങ്കെടുത്തിരുന്നത്. പുറത്തുനിന്ന് വിശ്വാസികളാരും ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിലായിരുന്നു വൈദികന്‍ സംസാരിച്ചത്.

മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ നിരവധി പേരുമായി ഇടപെടാറുണ്ട്. അവരില്‍നിന്നൊന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ല. അയല്‍ക്കാരെയും മറ്റുള്ളവരെയും സ്നേഹിക്കാനാണ്. ആ മാര്‍ഗത്തിന് വിരുദ്ധമായി പോകുന്നത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ സാധിച്ചില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

ബിഷപ്പ് നടത്തിയ പ്രസംഗത്തെ തുടർന്നും ഈ വൈദികന്‍ ലൗ ജിഹാദ് സംബന്ധിച്ച് ചില പ്രസ്താവനകള്‍ നടത്തിയിരുന്നെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പ് നടത്തിയ പ്രസ്താവനകളെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlights: Nuns walked out of church mass due to anti muslim statements