കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരിയും നിരാഹാര സമരത്തിന്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ നിരാഹാരപ്പന്തലില്‍ തിങ്കളാഴ്ച 11 മണി മുതല്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങും.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു വരെ നിരാഹാരം തുടരുമെന്നാണ് റിപ്പോര്‍ട്ട്. സാമൂഹ്യപ്രവര്‍ത്തക പി. ഗീതയും തിങ്കളാഴ്ച നിരാഹാരസമരം ആരംഭിക്കുന്നുണ്ട്. 

ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം ഞായറാഴ്ച ഒന്‍പത് ദിവസം പിന്നിട്ടു. സമരത്തിനു പിന്തുണയുമായി സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ ഒട്ടേറെപ്പേരാണ് ഇതിനകം സമരപ്പന്തലിലെത്തിയത്.  

എറണാകുളം-അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും പത്തിലധികം വൈദികര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ശനിയാഴ്ച കൊച്ചിയിലെ സമരപ്പന്തലില്‍ എത്തിയിരുന്നു.

പീഡന പരാതിയുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുന്നതിന് 19ന് ഹാജരാകണമെന്ന നോട്ടീസ് കൈപ്പറ്റിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതയുടെ ഭരണചുമതല കഴിഞ്ഞ ദിവസം താത്കാലികമായി കൈമാറിയിരുന്നു.