ഹിജാബിനെ കന്യാസ്ത്രീയുടെ ശിരോവസ്ത്രവുമായി താരതമ്യപ്പെടുത്തരുത്- ജലീലിന് കന്യാസ്ത്രീയുടെ മറുപടി


കെ.ടി. ജലീൽ | Photo: Mathrunbhumi

ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും- എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട കെ.ടി. ജലീല്‍ എം.എല്‍.എയ്ക്ക് മറുപടിയുമായി കന്യാസ്ത്രീ രംഗത്ത്. കര്‍ണാടകയിലെ ഹിജാബ് നിരോധന വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഭിന്നവിധിയുടെ പശ്ചാത്തലത്തിലായിരുന്നു ജലീലിന്റെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് സിസ്റ്റര്‍ സോണിയ തെരേസ് ഡി.എസ്.ജെയുടെ പ്രതികരണം.

'കുട്ടികള്‍ക്ക് പാടില്ലാത്തത് പഠിപ്പിക്കുന്ന അദ്ധ്യാപികമാര്‍ക്ക് പാടുണ്ടാകുന്നതിന്റെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളായ ടീച്ചര്‍മാര്‍ക്ക് 'ഹിജാബ്' അനുദിക്കപ്പെട്ടേടത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്.
കന്യാസ്ത്രീ വേഷത്തില്‍ എത്രയോ കോളേജുകളിലും സര്‍വകലാശാലകളിലും പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിര്‍ത്തിട്ടില്ല. ആരും കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല.
എന്നിരിക്കെ 'ഹിജാബി'ന്റെ കാര്യത്തില്‍ മാത്രം എന്തിനീ കോലാഹലം?,
- എന്ന് ജലീല്‍ കുറിപ്പില്‍ ചോദിച്ചിരുന്നു.



ഈ കുറിപ്പിനാണ് സിസ്റ്റര്‍ സോണിയ തെരേസ് മറുപടിയുമായി എത്തിയിരിക്കുന്നത്. 'ആദ്യം തന്നെ മുന്‍മന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികള്‍ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തര്‍ ധരിക്കുന്ന ശിരോവസ്ത്രത്തോട് (വെയില്‍) താരതമ്യം ചെയ്യരുത് എന്ന് സ്‌നേഹപൂര്‍വ്വം ഒന്ന് ഓര്‍മ്മപ്പെടുത്തുന്നു. കാരണം പറക്കമുറ്റാത്ത പ്രായത്തില്‍ ആരും അടിച്ച് ഏല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം. ക്രൈസ്തവ സന്യസ്തര്‍ 19 വയസ് പൂര്‍ത്തിയാകാതെ ആരും ഈ വെയിലോ, സന്യാസ വസ്ത്രമോ ധരിക്കാറില്ല, എന്നാണ് സിസ്റ്ററുടെ കുറിപ്പ് ആരംഭിക്കുന്നത്.

'ക്രൈസ്തവ സന്യസ്തര്‍ ഏതെങ്കിലും കോളേജില്‍ പഠിക്കാന്‍ ചെല്ലുമ്പോള്‍ സന്യാസ വസ്ത്രം പാടില്ല എന്ന് ആ സ്ഥാപനം നിബന്ധന വച്ചാല്‍, ഞങ്ങള്‍ ആരും സന്യാസ വസ്ത്രത്തോടെ എനിക്ക് അവിടെ പഠിച്ചേ മതിയാകൂ എന്ന് ഒരിക്കലും വാശി പിടിക്കാറില്ല. അല്ലെങ്കില്‍ സന്യാസിനിയായ ഒരാള്‍ക്കുവേണ്ടി 3000 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ നിയമം പൊളിച്ചെഴുതണം എന്ന് പറഞ്ഞ് ഞങ്ങളാരും പ്രകോപനവും മാര്‍ച്ചുമായി അവരെ ശല്യം ചെയ്യാറില്ല. യൂണിഫോം കോഡുള്ള സ്ഥാപനത്തില്‍ ആ യൂണിഫോം സ്വീകരിക്കാന്‍ സന്യാസ സഭയുടെ നിയമം അനുവദിക്കുന്നില്ലെങ്കില്‍ മറ്റ് ഏതെങ്കിലും സ്ഥാപനത്തില്‍ പോയി പഠിക്കും. ഒരു യൂണിഫോമിനു വേണ്ടി ആളെ കൂട്ടി കലാപം ഉണ്ടാക്കുന്ന തരംതാണ ശൈലി ഞങ്ങള്‍ക്കില്ല'- എന്നും സിസ്റ്റര്‍ സോണിയ തെരേസ് കുറിപ്പില്‍ പറയുന്നു.

സിസ്റ്റര്‍ സോണിയ തെരേസ് ഡി.എസ്.ജെയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മുന്‍മന്ത്രി ശ്രീ കെ. ടി. ജലീല്‍ ഇന്നലെ ഫേസ്ബുക്കില്‍ 'ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും'. എന്ന തലക്കെട്ടോടെ കുറിച്ച പോസ്റ്റിന് ഒരു സന്യാസിനി നല്‍കുന്ന മറുപടി:
ആദ്യം തന്നെ മുന്‍മന്ത്രി ശ്രീ ജലീലിനോട് മുസ്ലീം യുവതികള്‍ ധരിക്കുന്ന ഹിജാബിനെ ക്രൈസ്തവ സന്യസ്തര്‍ ധരിക്കുന്ന ശിരോവസ്ത്രത്തോട് (വെയില്‍) താരതമ്യം ചെയ്യരുത് എന്ന് സ്‌നേഹപൂര്‍വ്വം ഒന്ന് ഓര്‍മ്മപ്പെടുത്തുന്നു. കാരണം പറക്കമുറ്റാത്ത പ്രായത്തില്‍ ആരും അടിച്ച് ഏല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം. ക്രൈസ്തവ സന്യസ്തര്‍ 19 വയസ് പൂര്‍ത്തിയാകാതെ ആരും ഈ വെയിലോ, സന്യാസ വസ്ത്രമോ ധരിക്കാറില്ല...
ഒരു ക്രൈസ്തവ യുവതി സന്യാസിനി ആകാന്‍ ആഗ്രഹിച്ച് ഏതെങ്കിലും ഒരു മഠത്തിന്റെ പടികള്‍ കടന്ന് ചെന്നാല്‍, 'ഇന്നാ പിടിച്ചോ. നീ ഈ വെയിലും വസ്ത്രവും ധരിച്ച് ഇനി മുതല്‍ ഇവിടെ ജീവിച്ചാല്‍ മതി' എന്ന് ഒരു സന്യാസ സഭയുടെ അധികാരികളും പറയില്ല. കാരണം അവള്‍ കടന്ന് പോകേണ്ട ചില കടമ്പകള്‍ ഉണ്ട്. അതായത് കുറഞ്ഞത് 5 വര്‍ഷം എന്താണ് സന്യാസം എന്ന് ആദ്യം തന്നെ ദൈവവചനത്തിന്റെ വെളിച്ചത്തില്‍ വ്യക്തമായി പഠിക്കണം. പിന്നെ അവരായിരിക്കുന്ന സന്യാസ സഭയുടെ നിയമാവലികളും അതാത് സന്യാസ സഭയുടെ ഡ്രസ്സ് കോഡും എന്താണ്, അത് എന്തിന് ധരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി പഠിച്ച ശേഷം അവള്‍ക്ക് ബോധ്യമായ കാര്യങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ കഴിയും എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കില്‍ മാത്രം, (ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല) പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു ജീവിതാന്തസാണ് സന്യാസം.
വ്യത്യസ്ത ചൈതന്യം ജീവിക്കുന്ന 420 - ല്‍ പരം സന്യാസ സഭകള്‍ (വിവിധ പ്രോവിന്‍സുകള്‍ ഉള്‍പ്പെടെ) കേരളത്തില്‍ ഇന്ന് നിലവിലുണ്ട്. അവരില്‍ കാല്‍പാദം വരെ, അല്ലെങ്കില്‍ മുട്ടിന് താഴെവരെ നീളമുള്ള ഉടുപ്പിനൊപ്പം ശിരോവസ്ത്രം ധരിക്കുന്നവരും ശിരോവസ്ത്രമില്ലാതെ സാരി മാത്രം ധരിക്കുന്നവരും ശിരോവസ്ത്രവും സാരിയും ധരിക്കുന്നവരും ചുരിദാര്‍ മാത്രം ധരിക്കുന്നവരും ഒക്കെ ഉണ്ട്. ഓരോ സന്യാസ സഭയുടെയും ഡ്രസ്സ് കോഡുകള്‍ വ്യത്യസ്തമായിരിക്കും. കാലത്തിനും ദേശത്തിനും സംസ്‌കാരത്തിനും അനുസരിച്ച് അല്പം ഫ്‌ലെക്‌സിബിള്‍ ആകാന്‍ ഞങ്ങള്‍ക്ക് മടി ഒന്നും ഇല്ല കേട്ടോ... അതായത് പിന്നോട്ടല്ല, മുന്നോട്ടാണ് ഞങ്ങള്‍ സഞ്ചരിക്കാറ്.
18 വയസ് പൂര്‍ത്തിയായ ഏതൊരു സ്ത്രീക്കും വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് (18 വയസ് എന്ന് ഭരണഘടന പറഞ്ഞാലും 15 വയസ് മുതല്‍ നിര്‍ബന്ധിച്ച് വിവാഹം കഴിക്കേണ്ടി വരുന്ന ഇരുപത്തിഓരായിരത്തില്‍ പരം യുവതികള്‍ കേരളത്തില്‍ ഉണ്ട് എന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വായിച്ചത് ഓര്‍മ്മയിലുണ്ട്) ഒരു ക്രൈസ്തവ യുവതി പോലും ഇന്ന് 19 വയസിന് മുമ്പ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം ഒന്ന് ഓര്‍മ്മിപ്പിക്കുന്നു. പിന്നെ 19 ആം വയസിലോ 20 ആം വയസിലോ ആദ്യവ്രതം ചെയ്യുന്ന സന്യാസിനികളില്‍ ആരും തന്നെ 24 വയസിന് മുമ്പ് നിത്യവ്രതം ചെയ്യാറുമില്ല... നിത്യവ്രതം ചെയ്‌തെങ്കില്‍ മാത്രമേ ഒരുവള്‍ക്ക് യഥാര്‍ത്ഥ സന്യാസിനി എന്ന അംഗീകാരം കിട്ടുകയുള്ളൂ...
ആദ്യവ്രതം മുതല്‍ നിത്യവ്രതം വരെയുള്ള 6 വര്‍ഷക്കാലം നവസന്യാസിനികള്‍ക്ക് ആര്‍ക്കെങ്കിലും സന്യാസം ഉപേക്ഷിക്കണം എന്ന് തോന്നുകയാണെങ്കില്‍ തിരിച്ച് പോകാനുള്ള എല്ലാ സ്വാതന്ത്ര്യവും ഓരോ സന്യാസ സഭയുടെയും നിയമാവലി വ്യക്തമായി നല്‍കുന്നുണ്ട്. നിത്യവ്രതം ചെയ്താല്‍ പോലും ഏതെങ്കിലും സന്യാസിനിക്ക് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹം തോന്നിയാല്‍ ആരും അവരെ നിര്‍ബന്ധിച്ച് പിടിച്ച് വയ്ക്കാറുമില്ല. അതുപോലെ തന്നെ ആരും അവരുടെ തലയറുക്കുകയോ, കൈകാലുകള്‍ വെട്ടി നുറുക്കുകയോ ചെയ്യാറില്ലെന്നേ...
'ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രധാരണ രീതി സ്വീകരിക്കുന്നത് തെറ്റല്ല. മൗലികാവകാശമാണ്' എന്ന് താങ്കളുടെ പോസ്റ്റില്‍ കുറിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ പിന്നെ എന്തിനാണ് ക്രൈസ്തവ സന്യസ്തരെ നോക്കി ഇത്ര നൊമ്പരപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്നത്..? കേരള ഹൈക്കോടതിയുടെ വിധിയാണ് ഓരോ സ്ഥാപനങ്ങളിലെയും യൂണിഫോം കോഡ് മാറ്റിമറിക്കാന്‍ ഗവണ്‍മെന്റിന് പോലും അധികാരം ഇല്ല എന്നത്.
ക്രൈസ്തവ സന്യസ്തര്‍ ഏതെങ്കിലും കോളേജില്‍ പഠിക്കാന്‍ ചെല്ലുമ്പോള്‍ സന്യാസ വസ്ത്രം പാടില്ല എന്ന് ആ സ്ഥാപനം നിബന്ധന വച്ചാല്‍, ഞങ്ങള്‍ ആരും സന്യാസ വസ്ത്രത്തോടെ എനിക്ക് അവിടെ പഠിച്ചേ മതിയാകൂ എന്ന് ഒരിക്കലും വാശി പിടിക്കാറില്ല. അല്ലെങ്കില്‍ സന്യാസിനിയായ ഒരാള്‍ക്കുവേണ്ടി 3000 കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ നിയമം പൊളിച്ചെഴുതണം എന്ന് പറഞ്ഞ് ഞങ്ങളാരും പ്രകോപനവും മാര്‍ച്ചുമായി അവരെ ശല്യം ചെയ്യാറില്ല. യൂണിഫോം കോഡുള്ള സ്ഥാപനത്തില്‍ ആ യൂണിഫോം സ്വീകരിക്കാന്‍ സന്യാസ സഭയുടെ നിയമം അനുവദിക്കുന്നില്ലെങ്കില്‍ മറ്റ് ഏതെങ്കിലും സ്ഥാപനത്തില്‍ പോയി പഠിക്കും. ഒരു യൂണിഫോമിനു വേണ്ടി ആളെ കൂട്ടി കലാപം ഉണ്ടാക്കുന്ന തരംതാണ ശൈലി ഞങ്ങള്‍ക്കില്ല...
നീണ്ട വസ്ത്രവും ശിരോവസ്ത്രവും ധരിക്കുമ്പോഴും ഞങ്ങളുടെ മുഖം ഒരു തരത്തിലും ഞങ്ങള്‍ മറയ്ക്കാറില്ല. കാരണം മുഖം മറയ്ക്കുന്നത് ആ വ്യക്തിയുടെ വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. പിന്നെ
ആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല ക്രൈസ്തവ സന്യസ്തര്‍ സന്യാസ വസ്ത്രവും ശിരോവസ്ത്രവും ധരിക്കുന്നത്. മറിച്ച് നൂറ്റാണ്ടുകളായി അവിവാഹിതകളായ കന്യകകളും രാജകുമാരിമാരും ധരിക്കാറുള്ള വസ്ത്രമാണ് കൈ നീളമുള്ള നീണ്ട അങ്കി. (യഹൂദ-ക്രൈസ്തവ പാരമ്പര്യം ആണ് കേട്ടോ) ലൈംഗികതയ്ക്കും സുഖലോലുപതയ്ക്കും മാത്രം പ്രാധാന്യം നല്‍കി നെട്ടോട്ടം ഓടുന്ന കോടാനുകോടി ജനങ്ങള്‍ക്ക് ഈ നീണ്ട വസ്ത്രം ധരിച്ച സന്യാസിനിമാര്‍ ഒരു സാക്ഷ്യമാണ്. അതായത് ഈ ലോക സുഖങ്ങള്‍ക്ക് അപ്പുറത്ത് മറ്റൊരു ജീവിതം ഉണ്ട് എന്ന സാക്ഷ്യം. ഇന്ന് നിങ്ങള്‍ നേടുന്ന നേട്ടങ്ങളും സുഖങ്ങളും വെറും വ്യര്‍ത്ഥമാണ് എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍... ഈ യാഥാര്‍ത്ഥ്യം അറിയാവുന്ന ഒരു സന്യാസിനിയും ഒരിക്കലും സന്യാസ വസ്ത്രം ഒരു അലങ്കാരമായി അണിയാറില്ല. കത്തോലിക്കാ സഭയെ താറടിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി ചിലര്‍ ഈ അടുത്ത നാളില്‍ ക്രൈസ്തവ സന്യാസ വസ്ത്രം അലങ്കാരമായി എടുത്തണിയാറുണ്ടെന്ന കാര്യം മറന്ന് പോയിട്ടില്ല...
1979 ലെ വിപ്ലവത്തില്‍ കൂടി അധികാരത്തില്‍ എത്തിയ ഇറാനിലെ പരമാധികാരി നടപ്പിലാക്കിയ നിര്‍ബന്ധിത വസ്ത്രധാരണത്തിന് എതിരെ ഇന്ന് ഇറാനില്‍ ഭയാനകമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഒരു പക്ഷേ ഇറാനിലെ പ്രതിഷേധങ്ങള്‍ ഒന്നും കേരള മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാറില്ലാത്തത് ഒരു പുത്തരിയല്ല. തങ്ങളുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ തങ്ങള്‍ സമ്മതിക്കില്ല എന്ന് സധൈര്യം വിളിച്ച് പറഞ്ഞ് മരണത്തെ പുല്‍കുന്ന നൂറുകണക്കിന് യുവജനങ്ങളുടെ ധീരത പാശ്ചാത്യ മാധ്യമങ്ങള്‍ ലോകത്തിന് മുമ്പില്‍ തുറന്ന് കാണിക്കുമ്പോള്‍ ഒത്തിരി വേദന തോന്നി. ഏത് മതം ആണെങ്കിലും ഏത് ജീവിതാന്തസ് ആണെങ്കിലും ആരും ആരെയും അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരിക്കരുത് വസ്ത്രധാരണം. പിന്നെ പ്രായപൂര്‍ത്തിയായ ഒരുവള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്ത ഒരു ജീവിതാന്തസിനെ നോക്കി പിറുപിറുക്കാനും കുറ്റപ്പെടുത്താനും പോകുന്നത് അവളുടെ മൗലിക സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഒരു കടന്നുകയറ്റം ആണ്. അതുകൊണ്ട് പരസ്പരം ബഹുമാനിക്കാന്‍ പഠിക്കാം എന്ന ഓര്‍മ്മപ്പെടുത്തലോടെ
സ്‌നേഹപൂര്‍വ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ.

കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഹിജാബും കന്യാസ്ത്രീ വേഷവും കോടതികളും.
ഹിജാബ് (ശിരോവസ്ത്രം അഥവാ തട്ടം അല്ലെങ്കില്‍ സ്‌കാഫ്) ആരുടെ മേലും നിര്‍ബന്ധമാക്കരുത്. നിരോധിക്കുകയുമരുത്. അര്‍ധനഗ്‌നതയും മുക്കാല്‍ നഗ്‌നതയുമൊക്കെ അനുവദനീയമായ നാട്ടില്‍, മുഖവും മുന്‍കയ്യും ഒഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും മറക്കാന്‍ താല്‍പര്യമുള്ളവരെ അതിനും അനുവദിക്കണം. അല്ലെങ്കില്‍ അതിനെ വിളിക്കുന്ന പേരാണ് അനീതി. ഒന്നിനെ സ്വാതന്ത്ര്യവും മറ്റൊന്നിനെ അസ്വാതന്ത്ര്യവുമായി കാണേണ്ട കാര്യമില്ല.
എന്ത് ഉണ്ണണമെന്നും എന്ത് ഉടുക്കണമെന്നും നിശ്കര്‍ഷിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ആരെന്ത് ഭക്ഷണം കഴിച്ചാലും ആരെന്ത് ധരിച്ചാലും അത് മറ്റൊരാളെ ബാധിക്കുന്ന വിഷയമേയല്ല. മുല മറക്കാനുള്ള പോരാട്ടം നടന്ന നാട്ടില്‍ തലമറക്കാനുള്ള പോരാട്ടത്തിന് ഒരുപറ്റം സ്ത്രീകള്‍ക്ക് ഇറങ്ങിത്തിരിക്കേണ്ടി വരുന്നത് ലജ്ജാകരമാണ്.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ഇഷ്ടപ്പെട്ട വസ്ത്രധാരണ രീതി സ്വീകരിക്കുന്നത് തെറ്റല്ല. മൗലികാവകാശമാണ്. ബഹുമാനപ്പെട്ട കോടതികള്‍ ഭരണഘടനാനുസൃതമായാണ് കാര്യങ്ങളെ കാണേണ്ടത്. വ്യക്തിനിഷ്ഠമായിട്ടല്ല.
കോഴിക്കോട്ടെ ഒരു സ്വകാര്യ എയ്ഡഡ് സ്‌കൂളില്‍ ഹിജാബ് (തട്ടം, സ്‌കാഫ്) ധരിച്ച് വരുന്നതിനെ അധികൃതര്‍ വിലക്കിയത് സത്യമാണെങ്കില്‍ അതു തികഞ്ഞ അന്യായമാണ്. അതിനെതിരെ പ്രതികരിക്കേണ്ടത് ആ സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണ്. അവര്‍ക്ക് മാനേജ്‌മെന്റ് നടപടിയില്‍ പരാതിയില്ലെങ്കില്‍ പുറമക്കാര്‍ ചെന്ന് ബഹളം വെക്കുന്നതിലും അര്‍ത്ഥമില്ല.
സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളില്‍ അത് സ്വകാര്യമാണെങ്കില്‍ പോലും സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് ഭിന്നമായി നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല.
കുട്ടികള്‍ക്ക് പാടില്ലാത്തത് പഠിപ്പിക്കുന്ന അദ്ധ്യാപികമാര്‍ക്ക് പാടുണ്ടാകുന്നതിന്റെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. കന്യാസ്ത്രീകളായ ടീച്ചര്‍മാര്‍ക്ക് 'ഹിജാബ്' അനുദിക്കപ്പെട്ടേടത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്.
കന്യാസ്ത്രീ വേഷത്തില്‍ എത്രയോ കോളേജുകളിലും സര്‍വകലാശാലകളിലും പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിര്‍ത്തിട്ടില്ല. ആരും കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല.
എന്നിരിക്കെ 'ഹിജാബി'ന്റെ കാര്യത്തില്‍ മാത്രം എന്തിനീ കോലാഹലം?

Content Highlights: nun reply to kt jaleel facebook post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented