ഫാദർ അഗസ്റ്റിൻ വട്ടോലി | Photo: മാതൃഭൂമി
കൊച്ചി: കോടതി കുറ്റവിമുക്തനാക്കി എന്നുകരുതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് മറ്റു ചുമതലകള്‍ നല്‍കരുതെന്ന് സേവ് അവര്‍ സിസ്റ്റേഴ്‌സ് ഫോറം (എസ്ഒഎസ്) കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോലി. ചുമതലകള്‍ നല്‍കിയാല്‍ അത് കത്തോലിക്കാ സഭയുടെ അന്ത്യത്തിന് ഇടയാക്കുമെന്നും അദ്ദേഹം ആരോപിച്ചു.
കേസില്‍ അപ്പീല്‍ പോകും. മഠത്തിലെ ബള്‍ബ് മാറ്റിയിടണമെന്ന് പറയാനല്ല കന്യാസ്ത്രീ കര്‍ദ്ദിനാളിനെ കണ്ടത്. കര്‍ദ്ദിനാളിന്റെ മൊഴി സംബന്ധിച്ച് അദ്ദേഹം മനഃസാക്ഷിയോട് ചോദിക്കട്ടെ. കേസ് പൂര്‍ണമായും അവസാനിക്കുന്നത് വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍ താമസിപ്പിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ഫ്രാങ്കോ മുളക്കല്‍ തിരിച്ച് ചുമതലകളിലേക്ക് എത്താനുള്ള നീക്കം നടത്തുന്നു എന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്ഒഎസ് ഫോറം കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോലി ഇക്കാര്യം വ്യക്തമാക്കിയത്.
വിക്ടിം പ്രൊട്ടക്ഷന്‍ ആക്ടിന്റെ സംരക്ഷണം ഉള്ളതുകൊണ്ടാണ് ഇരയായിട്ടുള്ള കന്യാസ്ത്രീയ്ക്ക് കുറവിലങ്ങാട് മഠത്തില്‍ താമസിക്കാന്‍ സാധിച്ചത്. എന്നാല്‍ വിചാരണക്കോടതി വിധി പറഞ്ഞു എന്നുകരുതി കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് സ്ഥലം മാറ്റുകയോ മറ്റു കാര്യങ്ങളോ ഒന്നും ഉണ്ടാകാന്‍ പാടില്ല. സഭാ നേതൃത്വം ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം. കേസില്‍ ഹൈക്കോടതില്‍ അപ്പീല്‍ പോകും. ഹൈക്കോടതിയും തള്ളിക്കളഞ്ഞാല്‍ സുപ്രീം കോടതി വരെ പോകാവുന്ന കേസാണ്. അതുകൊണ്ട് കേസിന്റെ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ നിലവിലെ സ്ഥിതി തുടരണം.
കുറവിലങ്ങാട് പള്ളിയില്‍ വെച്ചാണ് പാലാ ബിഷപ്പിനെ കാണുന്നത്. വിഷയം മുഴുവന്‍ കേട്ടു. മേലധികാരിയോട് ഇക്കാര്യം പറയാന്‍ അദ്ദേഹം തന്നെയാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകള്‍ കര്‍ദ്ദിനാളിനെ വന്ന് കാണുന്നത്. അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളമാണ് അവര്‍ സംസാരിച്ചത്. മഠത്തിലെ ടാപ്പ് മാറ്റുന്നതിനെ പറ്റിയിട്ടോ, ട്യൂബ് ലൈറ്റ് മാറ്റുന്നതിനെ പറ്റിയിട്ടോ, മഠത്തിലെ കെട്ടിടത്തിന് പൂപ്പല്‍ ബാധിച്ചിട്ടുണ്ട് അത് കഴുകിക്കളയണം എന്നുള്ള കാര്യം പറയാന്‍ കന്യാസ്ത്രീ കര്‍ദ്ദിനാളിനെ കാണാന്‍ വരില്ലല്ലോ. അദ്ദേഹം അത് നിഷേധിച്ചു. അത് അദ്ദേഹത്തിന്റെ മനഃസാക്ഷിയോട് ചോദിക്കേണ്ട കാര്യമാണെന്നും ഫാദര്‍ അഗസ്റ്റിന്‍ വട്ടോലി പറഞ്ഞു.
Content Highlights: Bishop Franco should not be given other responsibilities says Father Augustine Vattoli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..