തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നത് അടുത്ത ദിവസവും തുടരുമെന്ന് കോട്ടയം എസ്.പി. ഹരിശങ്കര്‍. ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച കൊണ്ടുപൂര്‍ത്തിയാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ വൈകിട്ട് 7 വരെ നീണ്ടിട്ടും അത് പൂര്‍ത്തിയാക്കാനായില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ചോദ്യം ചെയ്യല്‍ തുടരും. ഇന്ന് നടത്തിയ ചോദ്യം ചെയ്യലിലെ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും എസ്.പി ഹരിശങ്കര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസമായി നടന്ന ചോദ്യം ചെയ്യലില്‍ ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം വിവിധ സംഘങ്ങളായി തിരിഞ്ഞ് ഇന്ന് രാത്രിതന്നെ പൂര്‍ത്തിയാക്കുമെന്നും എസ്.പി. ഹരിശങ്കര്‍ വ്യക്തമാക്കി.
ചോദ്യം ചെയ്യലില്‍ പുരോഗതിയുണ്ടെന്നും ബിഷപ്പില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊഴികളില്‍ ചിലതില്‍ പൊരുത്തക്കേടുകളുണ്ട്. ഇതില്‍ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് വൈകുന്നതില്‍ നിയമ തടസ്സമില്ല. ബിഷപ്പ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എസ്.പി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ അറസ്റ്റ് ചെയ്യുന്നതിനേക്കുറിച്ച് തീരുമാനിക്കാറായിട്ടില്ലെന്നും അദ്ദേഹം വിശദികരിച്ചു.
അറസ്റ്റിനേക്കുറിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഹൈക്കോടതിയില്‍ ഇരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു.