കൊച്ചി: പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കെതിരെ ആരോപണ വിധേയനായ ബിഷപ്പ് സ്വഭാവഹത്യ നടത്തുന്നുവെന്ന പരാതിയുമായി കന്യാസ്ത്രീയുടെ സഹോദരനായ ജലന്ധര്‍ രൂപതയിലെ വൈദികന്‍ രംഗത്തെത്തി. മുമ്പും ഇത്തരത്തില്‍ സ്വഭാവഹത്യ നടത്തിയിട്ടുണ്ട്. ഇതിലൂടെ തെറ്റുകള്‍ പുറത്തുവരാതിരിക്കാനാണ് ബിഷപ്പ് ശ്രമിക്കുന്നതെന്നും വൈദികന്‍ ആരോപിച്ചു.

കന്യാസ്ത്രീക്കെതിരെ ഒരു വീട്ടമ്മ നല്‍കിയ പരാതി ചൂണ്ടിക്കാട്ടി വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നുവെന്നാണ് സഹോദരനായ വൈദികന്റെ ആരോപണം. തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് ബന്ധമുണ്ടെന്നായിരുന്നു വീട്ടമ്മയുടെ പരാതി. എന്നാല്‍, ഈ പരാതിയില്‍ കഴമ്പില്ലെന്ന് വൈദികന്‍ അവകാശപ്പെട്ടു.

2016 നവംബറിലാണ് പരാതി കിട്ടിയത്. ഇതേത്തുടര്‍ന്ന് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍, രണ്ടു വര്‍ഷമായി ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കികയും ചെയ്തിട്ടില്ല.

അന്വേഷണവുമായി കന്യാസ്ത്രീ  സഹകരിച്ചിരുന്നു. എന്നാല്‍ സഹകരിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിസ്റ്റര്‍ വ്യക്തമാക്കിയിട്ടുള്ള കത്ത് പുറത്തുവന്നിട്ടുണ്ട്. അതിനിടെ, കന്യാസ്ത്രീക്കെതിരായ പരാതി ചിലര്‍ ബോധപൂര്‍വം പലരുടെയും മുന്നിലെത്തിച്ചു. സ്വഭാവഹത്യ നടത്തി തെറ്റ് മൂടിവെക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് പരാതി ചൂണ്ടിക്കാട്ടി തന്നെത്തന്നെ ന്യായീകരിക്കാന്‍ ബിഷപ്പ് ശ്രമിക്കുന്നതെന്നും വൈദികന്‍ ആരോപിച്ചു.