എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായർ | Photo: Mathrubhumi
പെരുന്ന: ശബരിമല വിഷയത്തില്‍ കാനം രാജേന്ദ്രന് പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല എന്ന പ്രസ്താവനയിലൂടെ എന്‍.എസ്.എസ്സിന്റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളതെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യക്തവും സത്യസന്ധവുമായ നിലപാട് ഉണ്ടായിരുന്നെങ്കില്‍ നേതാക്കന്മാര്ക്കിടയില് ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കേസിന്റെ ആരംഭം മുതല്‍ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരേ നിലപാടാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും എന്‍എസ്എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേവരെ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. 'തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി കഴിഞ്ഞുപോയ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു; കടകംപള്ളിയെ തിരുത്തിക്കൊണ്ടും സംസ്ഥാനസര്‍ക്കാര്‍ ഈ വിഷയത്തില്‍ ആദ്യം സ്വീകരിച്ചു നിലപാടിനെ ന്യായീകരിച്ചുകൊണ്ടും ഇനിയും ആ നിലപാട് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടും പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി രംഗത്തുവരുന്നു; അതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തെ പരാമര്‍ശിക്കാതെതന്നെ സുപ്രീംകോടതിയുടെ അന്തിമ വിധി വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നപക്ഷം അവരുമായി ആലോചിച്ചേ നടപടിയെടുക്കൂ എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും രംഗത്തെത്തുന്നു. ഇതുകൂടാതെ, ദേവസ്വംമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടുകളെ പിന്തുണച്ചുകൊണ്ടും, വിശ്വാസസംരക്ഷണത്തിനായി ആദ്യം മുതല്‍ നിലകൊള്ളുന്ന എന്‍.എസ്.എസ്സിനെ കുറ്റപ്പെടുത്തിക്കൊണ്ടും സി.പി.ഐ. സംസ്ഥാന സ്വെക്രട്ടറി കാനം രാജേന്ദ്രന് സര്‍ക്കാരിനെ സഹായിക്കാനെത്തുന്നു.' ഇതൊന്നും പോരാതെയാണ് 'കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല' എന്നു പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യക്തവും സത്യസന്ധവുമായ ഒരു നിലപാട് ഉണ്ടായിരുന്നെങ്കില്‍ ഈ നേതാക്കന്മാര്ക്കിടയില് ഇത്തരമൊരു ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. ഇതുതന്നെയാണ് വിശ്വാസികള്‍ക്ക് ഇവരോടുള്ള അവിശ്വാസത്തിനു കാരണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: NSS criticises Pinarayi Vijayan over Sabarimala temple Issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..