കെ റെയില്‍ നടപ്പാക്കരുതെന്ന് അഭിപ്രായമില്ല, പക്ഷെ പല അവകാശവാദങ്ങള്‍ക്കും നിലനില്‍പില്ല-എന്‍.എസ്.എസ്.


ജി. സുകുമാരൻ നായർ| Photo: Mathrubhumi

പെരുന്ന: സില്‍വര്‍ ലൈന്‍ പോലുള്ള വികസനപദ്ധതികള്‍ നടപ്പാക്കരുതെന്ന് അഭിപ്രായമില്ലെന്നും എന്നാല്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ പലതും നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പത്രക്കുറിപ്പിലൂടെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിന്റെ സുസ്ഥിരവികസനവും ഭാവിയിലേക്കുള്ള സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതികവികാസവും ലക്ഷ്യംവച്ചുകൊണ്ടാണ് 'സില്‍വര്‍ലൈന്‍' അതിവേഗറെയില്‍പാത തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിര്‍മ്മിക്കാന്‍ കേരളസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായുള്ള പ്രളയവും കോവിഡിന്റെ പലതരം വ്യാപനവും അതിനെ തുടര്‍ന്ന് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഉണ്ടായിട്ടുള്ള സാമ്പത്തികാഘാതവും കണക്കിലെടുക്കുമ്പോള്‍ ഏതുതരം പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടത് എന്ന് ഈ അവസരത്തില്‍ ചിന്തിക്കേണ്ടതാണ്. എന്നാല്‍, ഇത്തരം വികസനപദ്ധതികള്‍ നടപ്പിലാക്കരുത് എന്ന അഭിപ്രായവുമില്ല- പ്രസ്താവനയില്‍ പറയുന്നു.

ഗ്രാമീണ-നഗരവ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും അത്യാധുനിക ആരോഗ്യസംവിധാനങ്ങളും സര്‍ക്കാര്‍സേവനങ്ങളും ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ സൗകര്യങ്ങള്‍ക്കായി സില്‍വര്‍ലൈന്‍ ഉപകരിക്കുമെന്നാണ് പറയുന്നത്. ഇപ്പോള്‍ നന്നായി പ്രവര്‍ത്തിച്ചുവരുന്ന ജില്ലാതല ആരോഗ്യസംവിധാനങ്ങള്‍ വിപുലീകരിക്കുന്നതും മറ്റൊരു തരത്തിലുള്ള വികസനം അല്ലേ? അങ്ങനെയെങ്കില്‍ യാത്രകളും സമയനഷ്ടവും ഒഴിവാക്കാവുന്നതുമല്ലേ. കേരളത്തിന്റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും അധിവാസമാതൃകയും ഒക്കെ പരിഗണിക്കുമ്പോള്‍ ഭാവിയില്‍ വന്‍കിടവ്യവസായങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ നിക്ഷേപിക്കുമെന്നും അവയെ തമ്മില്‍ സില്‍വര്‍ലൈന്‍ ബന്ധിപ്പിക്കുമെന്നും മറ്റുമുള്ള വാദഗതികളും നിലനില്‍ക്കണമെന്നില്ലെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.

സില്‍വര്‍ലൈന്‍ വരുമ്പോള്‍ ജനങ്ങള്‍ സ്വകാര്യവാഹനം ഉപയോഗിക്കുന്നത് കുറയുകയും അതുവഴി കാര്‍ബണ്‍ബഹിര്‍ഗമനവാതകങ്ങളുടെ കുറവുണ്ടായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ കുറയുമെന്നും മറ്റൊരു വാദമുണ്ട്. എന്നാല്‍ കൊച്ചി മെട്രോ വന്നതിനുശേഷവും അവിടെ വന്‍തോതില്‍ സ്വകാര്യവാഹനങ്ങള്‍ വര്‍ദ്ധിച്ചു എന്നു മനസ്സിലാക്കുമ്പോള്‍ അത്തരം വാദങ്ങള്‍ക്കും നിലനില്‍പില്ലാതാകുന്നെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സുസ്ഥിരവികസനം എന്നത്, കാര്‍ബണ്‍ബഹിര്‍ഗമനം കുറയ്ക്കുക എന്നതു മാത്രമല്ല, മറിച്ച് ഭൂപ്രകൃതിയും ജൈവവൈവിധ്യവും സംരക്ഷിക്കുക എന്നതും കൂടിയാണ്. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ അത്തരത്തിലുള്ള ആഘാതം കേരളത്തിന് താങ്ങാന്‍ പറ്റുന്നതിലും അധികമാണെന്ന് പല ശാസ്ത്ര-പാരിസ്ഥിതികസംഘടനകളും സൂചിപ്പിച്ചുകഴിഞ്ഞെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് മൊത്തം അറുപത്തിനാലായിരം കോടി രൂപയാണ് ചെലവാകുന്നതെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, നീതിആയോഗിന്റെ കണക്കുപ്രകാരം ഏകദേശം ഒന്നേകാല്‍ലക്ഷം കോടി രൂപ വേണ്ടിവരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമൂലം സംസ്ഥാനത്തിന്റെ കടബാധ്യത സമ്പദ്‌വ്യവസ്ഥയ്ക്കു താങ്ങാവുന്നതിനപ്പുറം ഗണ്യമായി വര്‍ദ്ധിക്കുകയും സര്‍ക്കാര്‍ കടക്കെണിയില്‍ ആണ്ടുപോകാനുള്ള സാദ്ധ്യതയുമില്ലേയെന്നും പ്രസ്താവന ആരായുന്നു.

മാറുന്നകാലത്തിനനുസരിച്ചുള്ള സാമ്പത്തികവികസനവും അടിസ്ഥാനസൗകര്യവികസനവും അത്യന്താപേക്ഷിതമാണ്. എന്നാല്‍ സാമ്പത്തികഭദ്രത ഇല്ലാതെയും സാംസ്‌കാരിക-സാമൂഹികദീര്‍ഘവീക്ഷണം ഇല്ലാതെയും സാമ്പത്തികപുരോഗതി മാത്രം ലാക്കാക്കിയുള്ള വികസനം ജനക്ഷേമകരമാവില്ല. നമ്മുടെ ഭൂപ്രകൃതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും സാമൂഹ്യജീവിതത്തിനും സാമ്പത്തികഭദ്രതയ്ക്കും ഉതകുന്നതാവണം ഭാവിവികസനപ്രവര്‍ത്തനങ്ങള്‍. വലിയ പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ഒരുവിഭാഗം ജനങ്ങള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകും എന്നത് വസ്തുതയാണ്. ഈ പദ്ധതിയുടെ പേരില്‍ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു വയ്ക്കരുത്. ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതോടൊപ്പംതന്നെ അതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഇടയില്‍ ഉയര്‍ന്നുവരുന്ന ഭയാശങ്കകള്‍ ദൂരീകരിച്ച് ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നത് ഒരു സര്‍ക്കാരിന്റെ ധാര്‍മ്മികഉത്തരവാദിത്തമാണ്- എന്നാണ് പ്രസ്താവന അവസാനിക്കുന്നത്.

Content Highlights: nss clears stand on k rail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented