കോഴിക്കോട്: വയനാട് എം.പി.യും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി കല്പറ്റ എം.എല്‍.എ. സി.കെ. ശശീന്ദ്രനെപ്പോലെയുള്ളവരെ കണ്ടുപഠിക്കണമെന്ന് എന്‍.എസ്. മാധവന്‍. എന്നാല്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്ന എന്‍.എസ്. മാധവനെപ്പോലെയുള്ള ഇടതുചിന്താഗതിക്കാര്‍ ആദ്യം പിണറായിയെ ഉപദേശിക്കണമെന്ന് പി.സി. വിഷ്ണുനാഥ്. ട്വിറ്ററിലാണ് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്. 

വയനാടിന്റെ എം.പി.യായ രാഹുല്‍ഗാന്ധി തിരക്കാണെന്ന് നടിക്കുന്നത്‌ നിര്‍ത്തണമെന്നായിരുന്നു എന്‍.എസ്. മാധവന്റെ ട്വീറ്റ്. അദ്ദേഹത്തിന് നിലവില്‍ ജോലിയൊന്നുമില്ല. വീട്ടില്‍ കാത്തിരിക്കാന്‍ ഭാര്യയും കുട്ടികളുമില്ല. അദ്ദേഹം നിര്‍ബന്ധമായും വയനാട്ടില്‍ തങ്ങി പ്രവര്‍ത്തിക്കണം. അത് എങ്ങനെ ചെയ്യണമെന്നത് എം.എല്‍.എ. ശശീന്ദ്രനെപ്പോലെയുള്ളവരെ കണ്ടുപഠിക്കാവുന്നതാണെന്നും എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു. 

എന്നാല്‍ എന്‍.എസ്. മാധവന്റെ ട്വീറ്റിന് താഴെ കൃത്യമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലമായ വയനാട്ടിലാണ് എത്തിയതെന്നും മലപ്പുറത്തെയും വയനാട്ടിലെയും 15 ദുരിതാശ്വാസക്യാമ്പുകളും ദുരിതബാധിതരായ ആയിരങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചെന്നും പി.സി. വിഷ്ണുനാഥ് മറുപടിയായി കുറിച്ചു.

ജില്ലാകളക്ടര്‍മാരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. ജനപ്രതിനിധികളെ കണ്ടു. ഇനിയും അദ്ദേഹം വയനാട് സന്ദര്‍ശിക്കും. എന്‍.എസ്. മാധവന്‍ സൂചിപ്പിച്ച ശശീന്ദ്രനും രാഹുല്‍ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. ഇടതുചിന്താഗതിക്കാരനായ എന്‍.എസ്. മാധവന്‍ പ്രളയദുരിതാശ്വാസം എങ്ങനെ നടപ്പിലാക്കണമെന്ന് പിണറായി വിജയനെ ഉപദേശിക്കണമെന്നും വിഷ്ണുനാഥ് മറുപടിയായി പറഞ്ഞു. 

പി.സി. വിഷ്ണുനാഥിന്റെ മറുപടിക്ക് എന്‍.എസ്. മാധവനും മറുപടി നല്‍കി. നന്ദിയുണ്ടെന്നും അത് ചെയ്യാമെന്നുമായിരുന്നു എന്‍.എസ്. മാധവന്റെ മറുപടി. പക്ഷേ, രാഹുല്‍ഗാന്ധിക്കെതിരായ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ കോണ്‍ഗ്രസ് അനുകൂലികളും എന്‍.എസ്. മാധവനെ വിമര്‍ശിച്ച് രംഗത്തെത്തി.

 

Content Highlights: ns madhavan tweet against rahul gandhi, and pc vishnunath given reply him