കോഴിക്കോട്:  ദുര്‍ഗ്ഗാദേവിയെ അപമാനിച്ച മാധ്യമപ്രവര്‍ത്തകയെ കാര്‍ക്കിച്ചു തുപ്പുമെന്ന മേജര്‍രവിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. 

സംഭവത്തില്‍ തന്നെ വിമര്‍ശിച്ച എഴുത്തുകാരന്‍ ബെന്യാമിന്‍ ആരാണെന്നറിയില്ലെന്ന് പറഞ്ഞ മേജര്‍രവിക്ക് മറുപടിയുമായി കഥാകൃത്ത് എന്‍.എസ്.മാധവന്‍ ഇന്ന് രംഗത്തെത്തി. 

ആടു ജീവിതത്തിന് പകരം പശുജീവിതമാണ് ബെന്യാമിന്‍ എഴുതിയിരുന്നെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിച്ചേനെയെന്ന് എന്‍.എസ്.മാധവന്‍ ഇന്ന് ട്വിറ്ററില്‍ കുറിച്ചു. 

സ്വയം തെറ്റിദ്ധരിപ്പിക്കപ്പെട്ട നടനാണ് മേജര്‍ രവിയെന്നും, മേജര്‍ രവിയാല്‍ തെറ്റിദ്ധരിക്കപ്പെട്ട നടനാണ് മോഹന്‍ലാലെന്നും  നേരത്തെ ബെന്യാമിന്‍ പറഞ്ഞിരുന്നു. 

ബെന്യാമിന്റെ ഈ പരാമര്‍ശങ്ങളെ ''ആരാണീ ബെന്യാമിന്‍'' എന്ന ചോദ്യത്തോടെയാണ് മേജര്‍ രവി നേരിട്ടത്. മോഹന്‍ലാലിന്റെ അടുത്തു ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ സാധിക്കാത്ത ചില വ്യക്തികളുടെ അസൂയ പ്രകടനമാണ് ബെന്യാമിനെ പോലുള്ളവരുടെ വാക്കുകളെന്നും മേജര്‍ രവി പറഞ്ഞിരുന്നു. 

ഈ വിവാദങ്ങളുടെ തുടര്‍ച്ചയായാണ്  ബെന്യാമിനെ പിന്തുണച്ച് എന്‍.എസ്.മാധവന്‍ രംഗത്തു വന്നിരിക്കുന്നത്.