പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി
കോഴിക്കോട്: ശാസ്ത്രീയ ചികിത്സാവിദ്യയുടെ പിതാവായി കണക്കാക്കപ്പെടുന്ന ഹിപ്പോക്രാറ്റസിന്റെപേരില്‍ നടപ്പിലുള്ള പ്രതിജ്ഞയ്ക്കുപകരം ആയുര്‍വേദാചാര്യന്‍ മഹര്‍ഷി ചരകന്റെ പേരിലുള്ള പ്രതിജ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടപ്പാക്കാന്‍ ആലോചന. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ എടുക്കുന്ന 'ഹിപ്പോക്രാറ്റസ് ഓത്തി'ന് പകരമായാണ് 'മഹര്‍ഷി ചരക് ശപഥ്' നടപ്പാക്കാന്‍ ആലോചിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന ദേശീയ മെഡിക്കല്‍ കമ്മിഷനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
ഇതിനെതിരേ ഐ.എം.എ. ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന് ഉതകുന്ന തരത്തിലുള്ളതല്ല ചരകന്റെ പ്രതിജ്ഞയെന്നാണ് കാരണമായി പറയുന്നത്. ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഇനി വേണ്ട എന്നത് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഒന്നുമാത്രമാണ്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ നിര്‍ബന്ധ പഠനവിഷയമാക്കണം എന്നതാണ് മറ്റൊരു നിര്‍ദേശം.
പഴയകാലത്ത് എഴുതപ്പെട്ട ഹിപ്പോക്രാറ്റസ് പ്രതിജ്ഞയല്ല, പകരം, കാലികപ്രസക്തിയനുസരിച്ച് ഓരോ അഞ്ചുവര്‍ഷത്തിലും പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതാണ് നിലവിലുള്ള 'ഹിപ്പോക്രാറ്റിക് ഓത്ത്' എന്നതാണ് ഐ.എം.എ. മുന്നോട്ടുവെക്കുന്ന വാദം.
ഐ.എം.എ. കാണുന്ന പ്രധാന പ്രശ്‌നങ്ങള്‍
മഹര്‍ഷി ചരകന്‍ അറിയപ്പെടുന്നത് ആയുര്‍വേദത്തിന്റെ ആചാര്യന്‍ എന്ന നിലയ്ക്കാണ്. അതുകൊണ്ടുതന്നെ അദ്ദേഹം അന്ന് മുന്നോട്ടുവെച്ച പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിനു യോജിക്കുന്നതല്ല. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നിലവില്‍ എടുക്കുന്ന പ്രതിജ്ഞ കാലികമായി മാറ്റങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വരുത്തിക്കൊണ്ടിരിക്കുന്നതാണ്. ഈശ്വരവിശ്വാസിയല്ലാത്ത ഒരാള്‍ക്ക് ചരകശപഥം എടുക്കുന്നതില്‍ തടസ്സം നേരിടും.
സ്ത്രീരോഗികളെ പുരുഷഡോക്ടര്‍ പരിശോധിക്കുമ്പോള്‍ ഭര്‍ത്താവിന്റെയോ ബന്ധുക്കളായ സ്ത്രീകളുടെയോ സാമീപ്യം ആവശ്യമാണെന്നതാണ് ചരക പ്രതിജ്ഞയിലുള്ളത്. ഗുരുവിനെ ചോദ്യംചെയ്യാതെ നിര്‍ദേശങ്ങള്‍ ശിരസാവഹിക്കണമെന്നത് ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിനു വിരുദ്ധമാണ്. ജാതീയമായ ഒരു മേല്‍ക്കോയ്മയും ഈ പ്രതിജ്ഞയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
- ഡോ. എം. മുരളീധരന്‍, സംസ്ഥാന ചെയര്‍മാന്‍, ഐ.എം.എ., പൊതുജന ആരോഗ്യ ബോധവത്കരണ സമിതി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..