ചെറായി: 100 വയസ്സ് പിന്നിട്ട മത്സ്യത്തൊഴിലാളിവനിതയ്ക്ക് പെന്‍ഷന്‍ നിഷേധിച്ചതില്‍ പ്രതിഷേധം. പള്ളിപ്പുറം പഞ്ചായത്തില്‍ ഗൗരീശ്വരക്ഷേത്രത്തിന് തെക്കുവശം താമസിക്കുന്ന തോട്ടാപ്പിള്ളി വേലായുധന്റെ ഭാര്യ കൗസല്യയ്ക്കാണ് 2016 മുതല്‍ പെന്‍ഷന്‍ നിഷേധിച്ചത്. ഇതുമൂലം ഇവര്‍ നിത്യദുരിതത്തിലായിരുന്നു. 

ഇവരുടെ ദുരവസ്ഥ കേട്ടറിഞ്ഞ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.എസ്. സോളിരാജ് മുത്തശ്ശിയുമായി ചെറായി ഫിഷറീസ് ഓഫീസില്‍ എത്തി. ഉന്നതാധികാരികള്‍ ഇടപെട്ട് പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള അടിയന്തര നടപടി ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് മുത്തശ്ശിയെ ഫിഷറീസ് ഓഫീസറുടെ മുന്നില്‍ എടുത്തുനിന്ന് പ്രതിഷേധിച്ചു. 

ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ കൗസല്യ പലവട്ടം ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും അവകാശപ്പെട്ട ആനുകൂല്യം അനുവദിച്ചിരുന്നില്ല. ആധാര്‍ കാര്‍ഡ് വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. അതിനുവേണ്ടി കൗസല്യ നിരവധി അക്ഷയകേന്ദ്രങ്ങള്‍ കയറിയിറങ്ങി വിരലടയാളം പതിഞ്ഞു കിട്ടാത്തതിനാല്‍ കാര്‍ഡ് ലഭിക്കാതെയായി. വീണ്ടും ഓഫീസുകള്‍ കയറിയിറങ്ങിയപ്പോള്‍ ജീവിച്ചിരിക്കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങി ചെറായി ഫിഷറീസ് ഓഫീസില്‍ ആദ്യം നല്‍കി.

വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ജില്ലാ ഓഫീസില്‍ പോകണമെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോള്‍ ഇത് നിങ്ങളുടെ അടുത്തുള്ള ഫിഷറീസ് ഓഫീസില്‍ ശരിയാക്കേണ്ടതാണ് എന്ന അറിയിപ്പാണ് കിട്ടിയത്. കൗസല്യയുടെ മകന്‍ ഉണ്ണികൃഷ്ണന്‍, ഭാര്യ സീന, പൊതുപ്രവര്‍ത്തകരായ രാജേഷ് ചിദംബരന്‍, പി.ബി. സുധി, എ.കെ. പത്മജന്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ജില്ലാ റീജിയണല്‍ ഓഫീസറുമായി സ്ഥലം ഫിഷറീസ് ഓഫീസര്‍ ബന്ധപ്പെടുകയും മൂന്ന് ദിവസത്തിനുള്ളില്‍ പെന്‍ഷന്‍ നേരിട്ടെത്തിക്കാന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

content highlights: novel protest seeking pension arrears for 100 year old fisher-woman