ന്യുഡല്‍ഹി: സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ പി.സി ജോര്‍ജിന് നോട്ടീസ് അയച്ചു. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് വിശദീകരണം നല്‍കാനാണ് ദേശീയ വനീതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. കഴിഞ്ഞ ദിവസമാണ് പി.സി ജോര്‍ജ് സമരം നടത്തുന്ന കന്യാസ്ത്രിക്കെതിരെ മോശം പരാമര്‍ശം ഉന്നയിച്ചത്.

പിസി ജോര്‍ജിന്റെ പരാമര്‍ശം അപലപനീയവും ശിക്ഷാര്‍ഹവുമാണെന്ന് ദേശീയ വനിതാ കമ്മിഷന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 20ന് ദേശീയ വനിത കമ്മീഷന്റെ ഡല്‍ഹിയിലുള്ള ആസ്ഥാനത്ത് രാവിലെ 11.30 ന് നേരിട്ട് ഹാജരായി ഈ വിഷയത്തില്‍ വിശദീകരണം നല്‍കാനാണ് അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് ഒരു നോട്ടീസും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പി.സി ജോര്‍ജ് എം.എല്‍ ക്ക് അയച്ചിട്ടുണ്ട്. അദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വളരെയധികം അപലപനീയും ഇത്തരത്തിലുള്ള പരാമര്‍ശം ഒരു എം.എല്‍.എയില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും ഈ നോട്ടീസില്‍ പറയുന്നുണ്ട്. 

വളരെ ഗൗരവമേറിയ പരാമര്‍ശമാണ് പി.സി ജോര്‍ജില്‍ നിന്നും ഉണ്ടായതെന്ന്‌ ഈ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പീഡന പരാതി അന്വേഷിക്കണമെന്നാണ് കന്യാസ്ത്രീ ആവശ്യപ്പെട്ടത്. ആ കന്യാസ്ത്രിയെയാണ് മോശം പരാമര്‍ശം നടത്തി പി.സി. ജോര്‍ജ് അപമാനിച്ചത്. ഇതു ഒരു രീതിയിലും അംഗീകരിക്കാനാവിലെന്നും ഈ വിഷയത്തില്‍ പി.സി ജോര്‍ജ് വിശദീകരണം നല്‍കണം എന്നുമാണ് ദേശീയ വനിത കമ്മീഷന്റെ നിലപാട്.

ContentHighlights:notice to pc george from central women commision, nun issue ,franco mulaykal , cwc, rekha sharma