പാലക്കാട്: പാലക്കാട് നെന്മാറയില്‍ യുവാവ് പ്രണയിനിയെ പത്ത് വര്‍ഷം ഒരു മുറിയില്‍ രഹസ്യമായി  പാര്‍പ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. വനിതാ കമ്മീഷന് റിപ്പോര്‍ട്ട് കൈമാറി. 

സജിതയും റഹ്മാനും ഒരു മുറിയില്‍ താമസിച്ചതിന്റെ സാഹചര്യത്തെളിവുകള്‍ പോലീസ് ശേഖരിച്ചിരുന്നു. മുറിയില്‍ കഴിഞ്ഞതിന്റെ വിശദാംശങ്ങള്‍ സജിത പോലീസിനോട് പറഞ്ഞിട്ടുണ്ട്. സാഹചര്യം പോലീസിന് വ്യക്തമായി. അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മറ്റ് സ്ഥലത്ത് താമസിച്ചതിന്റെ തെളിവുകളില്ലെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ സജിത റഹ്മാന്റെ മുറിയില്‍ ഇത്രയുംകാലം താമസിക്കാനിടയില്ലെന്നാണ് റഹ്മാന്റെ മാതാപിതാക്കള്‍ പറയുന്നത്. 

അതേസമയം വനിതാ കമ്മീഷന്‍ ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. പത്ത് വര്‍ഷം ഒറ്റമുറിക്കുള്ളില്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടിട്ടുണ്ടെന്നാണ് വനിതാ കമ്മീഷന്‍ വിലയിരുത്തുന്നത്. ആ പശ്ചാത്തലത്തിലാണ് വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. സജിതയും റഹ്മാനും താമസിച്ചിരുന്ന വീട്ടിലെത്തിയാണ് തെളിവെടുപ്പും മൊഴിയെടുക്കുകയും ചെയ്യുന്നത്.