തിരുവനന്തപുരം: കെ. കരുണാകരന്റെ അനുസ്മരണച്ചടങ്ങില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി കോണ്‍ഗ്രസ്. ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫിസ് അറിയിച്ചതായി ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. 

പൗരത്വ നിയമ ഭേദഗതിയിലൂടെ ഗാന്ധിയും നെഹ്‌റുവും നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയായിരുന്നുവെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. 1985ലും 2003ലും ആണ് പൗരത്വ നിയമത്തിന് അടിസ്ഥാനമിട്ടതെന്നും സര്‍ക്കാര്‍ അതിന് നിയമപരമായ രൂപംനല്‍കുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 

"അഭിപ്രായ സ്വാതന്ത്ര്യവും ഭിന്നാഭിപ്രായങ്ങള്‍ പറയാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ജനാധിപത്യം അനുവദിച്ച് തരുന്നുണ്ട്. പക്ഷേ ജനാധിപത്യത്തില്‍ ചര്‍ച്ചകളും വേണം. നമ്മളുടെ വാദങ്ങളില്‍ നമ്മള്‍ ഉറച്ചുനില്‍ക്കുന്നുണ്ടാകം, പക്ഷേ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് മുന്നില്‍ വാതില്‍ അടയ്‌ക്കേണ്ടതില്ല"- ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

"എന്നോട് വിയോജിക്കുന്ന എല്ലാവരെയും ഞാന്‍ ബഹുമാനിക്കുന്നു. അവരെ രാജ്ഭവനിലേയ്ക്ക് ചര്‍ച്ചയ്ക്കായി ക്ഷണിക്കുന്നു. ഇതേ കാര്യത്തിന്  അവര്‍ എന്നെ ക്ഷണിച്ചാല്‍ ഞാന്‍ പോസിറ്റീവായി തന്നെ പ്രതികരിക്കും "- ഗവര്‍ണര്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

പൗരത്വ ഭോദഗതി നിയമം ചര്‍ച്ചചെയ്യണമെന്ന ഹാഷ്ടാഗോടെയാണ് ഗവര്‍ണറുടെ ട്വീറ്റുകള്‍. ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ല എന്ന് കാണിച്ച് പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന് അയച്ച കത്തും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നതോടെയാണ് ഗവര്‍ണറും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത വര്‍ദ്ധിച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ സംഘി അജന്‍ഡ നടപ്പാക്കുകയാണെന്ന് കെ. മുരളീധരന്‍ എംപി തുറന്നടിക്കുകയും ചെയ്തിരുന്നു. ഗവര്‍ണറെ ബഹിഷ്‌കരിക്കുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Content Highlights: Not to attend in Karunakaran Commemeration, Congress asks Kerala Governor Arif Mohammed Khan