കൊച്ചി:  മുസ്ലീം ലീഗിനെതിരായ ബിജെപിയുടെ പ്രവണത ആപത്കരമെന്ന് രമേശ് ചെന്നിത്തല.  തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള പാര്‍ട്ടി ഒരു വൈറസാണ് എന്ന് പറയുന്നതുവഴി തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് യോഗി ആദിത്യനാഥ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.

വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യഥാര്‍ഥത്തില്‍ ഇന്ത്യയെ ബാധിച്ചിട്ടുള്ള വൈറസ് ബിജെപിയാണ്. ജനങ്ങളെ തമ്മിലടിപ്പിക്കാനും വര്‍ഗീയമായ വികാരങ്ങള്‍ ആളിക്കത്തിക്കാനും ശ്രമിക്കുന്ന പ്രസ്ഥാനം ബിജെപിയും ആര്‍എസ്എസും ആണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ വയനാട്ടിലെത്തിയതെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ പ്രത്യേകിച്ച് വയനാട്ടിലെ ജനങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് നരേന്ദ്രമോദി നടത്തിയത്. 52 ശതമാനം ഹിന്ദുക്കളുള്ള മണ്ഡലമാണ് വയനാട്. എല്ലാ ജാതിമതത്തിലും പെട്ടവര്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന നാട്ടില്‍ അവരെ ജാതിയുടെയും ഉപജാതിയുടെയും പേരുപറഞ്ഞ് അപമാനിക്കാനുള്ള ശ്രമം അപലപനീയമാണ്. ഈ തിരഞ്ഞെടുപ്പോടെ ബിജെപിയെന്ന വൈറസിനെ ജനങ്ങള്‍ തുടച്ചുനീക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കേരളത്തിലുണ്ടായ പ്രളയത്തിനെപ്പറ്റി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിയിച്ച റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി കോടതിയില്‍ നല്‍കിയതെന്നും പിന്നീട് അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ കേരളത്തിലെ സര്‍ക്കാരിന് ഗുരുതരമായ വീഴ്ച ഉണ്ടായതായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പറയുന്നു. പ്രളയവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിയെ നിയോഗിച്ചത് കോടതിയാണ്. വിശദമായ പഠനങ്ങള്‍ക്ക് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് വായിച്ചുപോലും നോക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിരാകരിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

പ്രളയം മനുഷ്യ നിര്‍മിതമാണെന്നതാണ് പ്രതിപക്ഷത്തിന്റെ തുടക്കം മുതലുള്ള ആരോപണം. ഇത് പ്രകൃതി നിര്‍മിതമല്ല. മഴകൂടുതല്‍ പെയ്ത് കേരളത്തിലെ നദികള്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് മുന്‍കരുതലുകളില്ലാതെ ഡാമുകള്‍ തുറന്നുവിട്ടത്. എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നുവിട്ടതുകൊണ്ട് ഉണ്ടായതാണ് ഈ പ്രളയം. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തിരുന്നുവെങ്കില്‍ ഇത്തരമൊരു ദുരന്തം ഉണ്ടാകുമായിരുന്നില്ല. 483 പേര്‍ മരിക്കുകയും 55 ലക്ഷം ആളുകള്‍ നരകയാതന അനുഭവിക്കുകയും, പതിനഞ്ചോളം പേരെ ഇനിയും കാണാതിരിക്കുകയും ചെയ്ത പ്രളയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രളയത്തേപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണം, നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ പ്രത്യേക ട്രിബ്യൂണല്‍ വേണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇതിനുവേണ്ടി പ്രത്യേക അക്കൗണ്ട് തുറക്കണം തുടങ്ങിയ ആവശ്യങ്ങള്‍ താന്‍ ഉന്നയിച്ചിരുന്നു. ഇത് നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഞാനടക്കം 20 പേര്‍ ഹൈക്കോടതിയില്‍ സമാനമായ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് ഇനി കോടതിയുടെ നടപടി വരട്ടെ- അദ്ദേഹം പറഞ്ഞു.

അമിക്കസ് ക്യൂറിയും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് ജുഡീഷ്യല്‍ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Conten Highlights: Not League its BJP a Virus India Affected, will be Wiped out after Election Say Ramesh Chennithala