തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. പാര്‍ട്ടിയെ നയിക്കേണ്ട സ്ഥാനത്ത് വരേണ്ടത് സിനിമാനടനല്ലെന്നും കെ.സുരേന്ദ്രനും വി. മുരളീധരനും പറഞ്ഞാലും ആ സ്ഥാനത്തേക്ക് വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നാളെ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നവരുടെ മനോഭാവം പോലും മനസ്സിലാക്കാന്‍ കഴിയുന്ന തഴക്കവും പഴക്കവുംചെന്ന രാഷ്ട്രീയ നേതാക്കളാണ് പാര്‍ട്ടിയെ നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ വളര്‍ന്നുവന്ന ഒരുപാട് നേതാക്കളുണ്ട്. അവരില്‍ ഒരാള്‍ അധ്യക്ഷസ്ഥാനത്തേക്ക് വരട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു. നല്ലവരായ സാധാരണക്കാര്‍ക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. മോദിയും അമിത് ഷായും തന്നെ അധ്യക്ഷനാക്കണമെന്ന് ആഗ്രഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ സഭാ അധ്യക്ഷന്‍മാരുടെ യോഗം വിളിക്കുമെന്നും അവരുടെ ആകുലതകള്‍ കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർക്കും അലോസരമുണ്ടാകരുതെന്നാണ് നിലപാട്. പാലാ ബിഷപ്പ് പറഞ്ഞത് ഒരു സാമൂഹിക തിന്മയേക്കുറിച്ച് മാത്രമാണെന്നും ഒരു സമുദായത്തേക്കുറിച്ചും അദ്ദേഹം പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: not interested in party chief post repeats Suresh Gopi