പ്യോങ്ഗ്യാങ്: ഉത്തരകൊറിയയുടെ ഇറ്റലിയിലെ അംബാസിഡര്‍ അപ്രത്യക്ഷനായതായി ദക്ഷിണകൊറിയ. അംബാസിഡറായ ജോ സോങ് ഗില്‍ ആണ് ഇറ്റലിയിൽ നിന്ന് അപ്രത്യക്ഷനായിരിക്കുന്നത്. ഉത്തരകൊറിയയില്‍നിന്ന് കൂറുമാറിയ ജോ സോങ് ഗില്‍ അഭയം തേടി മറ്റൊരു വിദേശരാജ്യത്തേയ്ക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്. 

ദക്ഷിണ കൊറിയയുടെ ചാര സംഘടനയാണ് ഇറ്റലിയില്‍നിന്നുള്ള ജോ സോങ്ങിന്റെ തിരോധാനം റിപ്പോര്‍ട്ട് ചെയ്തത്. ഒരു മാസം മുന്‍പുതന്നെ അദ്ദേഹം എംബസിയില്‍നിന്ന് അപ്രത്യക്ഷനായെന്നും പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇദ്ദേഹം മറ്റേതെങ്കിലും രാജ്യത്തിനൊപ്പം ചേര്‍ന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ജോ സോങ് ഏതെങ്കിലും വിദേശ രാജ്യത്ത് അഭയം തേടിയതിന്റെ സൂചനയൊന്നും ഇല്ലെന്ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജോ സോങ്ങിനെ അംബാസിഡര്‍ സ്ഥാനത്തു നിന്ന് നീക്കംചെയ്തതായി ഉത്തരകൊറിയ അറിയിച്ചിരുന്നതായും അവര്‍ വെളിപ്പെടുത്തി. ജോ സോങ് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം സുരക്ഷിത സ്ഥലത്തുണ്ടെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

നേരത്തെ ലണ്ടനിലെ ഡെപ്യൂട്ടി അംബാസിഡറായ തായ് യോങ് ഹോയും നേരത്തെ സ്ഥാനം ഉപേക്ഷിച്ച് ദക്ഷിണ കൊറിയയ്‌ക്കൊപ്പം ചേര്‍ന്നിരുന്നു. മുതിര്‍ന്ന നയതന്ത്രജ്ഞനായ തായ് യോങ്ങിന്റെ കൂറുമാറ്റം കിം ജോങ് ഉന്‍ ഭരണകൂടത്തിന് വലിയ തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: North Korea, Italy, South Korea, Jo Song-gil, Kim Jong-un