പി. ശ്രീരാമകൃഷ്ണൻ | Photo: Mathrubhumi
തിരുവനന്തപുരം: ലോക കേരളസഭയുടെ നടത്തിപ്പിനുള്ള പണപ്പിരിവില്‍ വിശദീകരണവുമായി നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. വിവാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ശ്രീരാമകൃഷ്ണന്‍ അവകാശപ്പെട്ടു. പ്രവാസികള്‍ എല്ലാവരും ചേര്‍ന്ന് നടത്തുന്ന സഭാ സമ്മേളനത്തെ ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ 82 ലക്ഷമെന്നത് വ്യാജപ്രചാരണമാണ്. പണപ്പിരിവ് സുതാര്യവും ഓഡിറ്റിന് വിധേയവുമാണ്. സ്‌പോണ്‍സര്‍ഷിപ്പിന് വേദിയില്‍ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ല. പ്രതിനിധികളുടെ കാര്യത്തില്‍ പണത്തിന്റെ പേരില്‍ വേര്‍തിരിവില്ലെന്നും ശ്രീരാമകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പി. ശ്രീരാമകൃഷ്ണന്റെ വാക്കുകള്‍:
വിവാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. വിവാദമായതല്ല, ആക്കിയതാണ്. ഖജനാവില്‍ നിന്ന് പണം ധൂര്‍ത്തടിച്ചുവെന്ന ആക്ഷേപം വരാതിരിക്കാന്‍ മൂന്ന് മേഖലാ സമ്മേളനങ്ങളില്‍ പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിച്ച് അവരുടെ നേതൃത്വത്തില്‍ പണം സമാഹകരിക്കുക എന്നതാണ് രീതി. ദുബായിലും ലണ്ടനിലും അങ്ങനെയായിരുന്നു.
ഒരു രൂപപോലും സംസ്ഥാന ഖജനാവിന് ചെലവില്ല. പ്രവാസികള്‍ എല്ലാവരും ചേര്‍ന്ന് നടത്തുന്ന സഭാ സമ്മേളനത്തെ ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയല്ല. അമേരിക്കന്‍ മലയാളി സമൂഹത്തോട് നടത്തുന്ന വെല്ലുവിളിയാണ് യഥാര്‍ഥത്തില്‍ ഈ പ്രചാരണം.
പണം കൂടുതല്‍ ഉള്ളവര്‍ക്ക് മുഖ്യമന്ത്രിക്കൊപ്പമിരിക്കാമെന്ന് ആര് പറഞ്ഞു? താരിഫില്‍ അങ്ങനെയില്ല. മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ 82 ലക്ഷമെന്നത് വ്യാജപ്രചാരണം മാത്രമാണ്. പരസ്യം കൊടുക്കുന്ന ആളുകളുടെ വലിപ്പ- ചെറുപ്പത്തിനനുസരിച്ച് വ്യത്യാസംവരുന്നത് നാട്ടില്‍ പതിവുള്ളതല്ലേ? ഒരു സുവനീര്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ബാക്ക് കവര്‍ ഉണ്ടായിരിക്കും, ഫുള്‍ പേജ് ഉണ്ടാവും, കളര്‍ പേജുണ്ടാവും, ഹാഫ് പേജുണ്ടാവും, ക്വാര്‍ട്ടര്‍ പേജുണ്ടാവും. ഇതില്‍ ബുക്ക് ചെയ്യുന്നതിനനുസരിച്ച് പ്രധാന്യമുണ്ടാവും.
സുവനീറുണ്ട്, ടൈംസ് സ്‌ക്വയറില്‍ പബ്ലിസിറ്റിയുണ്ട്. അതില്‍ പങ്കാളികളാവുന്നവര്‍ക്ക് അതിന്റെ പ്രധാന്യം ലഭിക്കും അത്രയേയുള്ളൂ. 332 പേര്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരുരൂപപോലും അവരില്‍ നിന്ന് പിരിച്ചിട്ടില്ല. പണം ഒരുമാനദണ്ഡമേയല്ല. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ സുതാര്യമായ രജിസ്‌ട്രേഷനാണ് നടത്തിയത്. രജിസ്ട്രഷന്‍ പൂര്‍ത്തിയാക്കിയവരില്‍ നിന്ന് 250 പേരിലേക്ക് കുറയ്‌ക്കേണ്ടിവരും. ഇവരില്‍ ഒരാളില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങുന്നില്ല. അമേരിക്കന്‍ സമൂഹത്തിന് എല്ലാവര്‍ക്കും മുഖ്യമന്ത്രിയെ കാണാന്‍ അവസരമുണ്ട്.
ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ ക്ലാസിഫിക്കേഷന്‍ ബിസിനസുകാര്‍ക്ക് വേണ്ടിയുള്ള അവസരത്തിന്റെ ഭാഗമായി ചെയ്തതായിരിക്കും. ഡോ. ബാബു സ്റ്റീഫന്‍ മെയിന്‍ സ്‌പോണ്‍സര്‍ ആണ്. ലോകത്ത് തന്നെ അറിയപ്പെടുന്ന ബിസിനസുകാരില്‍ ഒരാളാണ്. അദ്ദേഹം ഡയമണ്ട് ഒന്നുമല്ലല്ലോ വാങ്ങിയത്.
പണപ്പിരിവ് നടത്തുന്നതിന്റെ വിശദാംശങ്ങള്‍ സുതാര്യമാണ്, ഓഡിറ്റിന് വിധേയമാണ്. ഈ പറയുന്ന വാഗ്ദാനം നല്‍കി പണം പിരിക്കാന്‍ നോര്‍ക്കയോ സര്‍ക്കാരോ ആരോടും പറഞ്ഞിട്ടില്ല. പണം വാങ്ങിയത് ആര്‍ക്കും അറിയില്ല. പക്ഷേ, പരിപാടി വിശദീകരിക്കാന്‍ ഒരു ഇന്‍വിറ്റേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടാവും. അതിന്റെ ഭാഗമായി പങ്കെടുക്കുന്ന മന്ത്രിമാരുടെ ചിത്രങ്ങളൊക്കെ വെച്ചിട്ടുണ്ടാവും. അല്ലാതെ വില്‍പ്പനയ്ക്ക് എന്നൊക്കെ പറയുന്നത് വ്യാജമാണ്. നല്ലൊരു ഉദ്യമത്തെ ഇങ്ങനെ നെഗറ്റീവായി കാണരുത്.
പ്രാദേശിക സംഘാടക സമിതികള്‍ക്ക് സ്വതന്ത്രമായി പണം സമാഹരിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയുടെ അടുത്തിരിക്കാന്‍ പണം വാങ്ങാം എന്ന് എവിടേയും പറഞ്ഞിട്ടില്ല. പണം പിരിച്ചവരും അങ്ങനെ എവിടേയും പറഞ്ഞിട്ടില്ല. താരിഫിലും അതില്ല. വി.ഐ.പികളുടെ കൂടെ ഭക്ഷണം എന്നത്, ഡിന്നര്‍ കഴിക്കാന്‍ ക്ഷണിച്ചു. അത്രയേയുള്ളൂ. സാധാരണ സ്‌പോണ്‍സര്‍മാര്‍ക്ക് ഒരു സീറ്റ് കൊടുക്കാറില്ലേ?
പ്രതിനിധികള്‍ക്ക് പണം ഒരു മാനദണ്ഡമേയല്ലേ. അത് തെറ്റായ വ്യാഖ്യാനമാണ്. ഇത് അമേരിക്കന്‍ മലയാളി സമൂഹത്തോട് നടത്തുന്ന വെല്ലുവിളിയും അപമാനിക്കലുമാണ്. അമേരിക്കയിലെ മലയാളി സമൂഹമാകെ ഖിന്നരാണ്. അവരെ വിവാദം വേദനപ്പിച്ചിട്ടുണ്ട്. ഈ മാധ്യമ പ്രചാരണം അവര്‍ക്ക് വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.
അമേരിക്കയിലെ സാഹചര്യം നിങ്ങള്‍ കാണണം. ഇവിടുത്തെ പോലെ തെരുവില്‍ പൊതുയോഗം നടത്താന്‍ കഴിയില്ല. ആരൊക്കെ പങ്കെടുക്കുന്നുവെന്ന് മുന്‍കൂട്ടി അറിയിക്കേണ്ടി വരും. സ്റ്റേജില്‍ ആരൊക്കെ, എത്ര മിനിറ്റ് സംസാരിക്കുന്നുവെന്നൊക്കെ അറിയിക്കേണ്ടി വരും. സ്വാഭാവികമായി അമേരിക്കന്‍ രീതി അവരെ സ്വാധീനിച്ചിട്ടുണ്ടാവും.
മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം രൂപ എന്നത് എവിടെയാണ് ഉള്ളത്? അങ്ങനെയൊരു കാര്യമില്ല. തെറ്റായ പ്രചാരണം അവസാനിപ്പിക്കണം. ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ സ്‌പോണ്‍സര്‍ഷിപ്പ് എടുത്തവര്‍ക്ക് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കണമെങ്കില്‍ അങ്ങനെ പങ്കെടുക്കാം, ഇല്ലെങ്കില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാം.
സര്‍ക്കാരിന്റെ പരിപാടിയാണെങ്കിലും സര്‍ക്കാര്‍ പണം ചെലവഴിച്ചല്ല പരിപാടി നടത്തുന്നത്. പ്രാദേശിക സംഘാടക സമിതിയുടെ നേതൃത്വത്തില്‍ അസോസിയേഷനുകളുടെ മുന്‍കൈയില്‍ നടത്തണമെന്നാണ് തീരുമാനം. സുവനീറിലെ പരസ്യത്തിന്റെ കാര്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. മുഖ്യമന്ത്രിയെ കാണാന്‍ പണത്തിന്റെ പ്രശ്‌നമേ വരുന്നില്ല. വേദിയില്‍ സീറ്റൊന്നും ആരും ഓഫര്‍ ചെയ്തിട്ടില്ല. വേദിയിലെ സീറ്റുകള്‍ ചട്ടപ്രകാരം മാത്രമേ അനുവദിക്കുകയുള്ളൂ. വേര്‍തിരിവ് ഉണ്ടെന്ന് ഞങ്ങള്‍ മനസിലാക്കിയിട്ടില്ല. വേര്‍തിരിവ് ഇല്ല, അനുവദിക്കില്ല.
യുകെയിലെ സമ്മേളനത്തിലും സ്‌പോണ്‍സര്‍ഷിപ്പിലാണ് നടത്തിയത്. ഇത്ര രൂപ നല്‍കുന്നവര്‍ക്ക് ഇത്ര സൗകര്യം നല്‍കാമെന്ന് പറയുന്നുണ്ട്, അതില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ പരിശോധിക്കാം.
Content Highlights: norka vice chairman p sreeramakrishnan reaction on loka kerala sabha sponsership controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..