കൽപ്പറ്റ: കേരളത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ട്രൈബല്‍ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂല്‍പുഴ പഞ്ചായത്ത്. ആദിവാസികള്‍ ഉള്‍പ്പെടെ പഞ്ചായത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള 22,616 പേരാണുള്ളത്. ഇതില്‍ 21,964 പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗക്കാര്‍ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂല്‍പ്പുഴ. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 7602 ആദിവാസി വിഭാഗക്കാരാണ് ഇവിടെയുള്ളത്. ഇതില്‍ 7352 പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 6975 പേര്‍ക്ക് പ്രത്യേക ട്രൈബല്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് വാക്‌സിന്‍ നല്‍കിയത്. മൂന്നുമാസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവ് ആയവര്‍, പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ തുടങ്ങിയവര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിക്കാത്തത്.

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള അഞ്ച് സ്‌കൂളുകളിലാണ് ക്യാമ്പ് നടത്തിയത്. ട്രൈബല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങളിലാണ് ഇവരെ ക്യാമ്പുകളില്‍ എത്തിച്ചത്. ഇതിന് പുറമേ ക്യാമ്പിലെത്തി വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്കും, കിടപ്പ് രോഗികള്‍ക്കും ട്രൈബല്‍ വകുപ്പിന്റെ സഹായത്തോടെ കോളനികളില്‍ നേരിട്ടെത്തിയാണ് വാക്‌സിന്‍ നല്‍കിയത്.

കോളനികളില്‍ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ എന്നിങ്ങനെ ഒരു രേഖയുമില്ലാതെ താമസിക്കുന്നവര്‍ക്കായി കോവിന്‍ ആപ്പില്‍ പ്രത്യേക സജ്ജീകരണം ഒരുക്കുകയും കോളനിയിലെ തന്നെ ഒരു വ്യക്തിയുടെ റഫറന്‍സ് ഐ.ഡി ഉപയോഗിച്ച് വാക്‌സിന്‍ ലഭ്യമാക്കുകയും ചെയ്തു. 

ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ വാക്‌സിനേറ്റഡ് ആയി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസങ്ങളില്‍ മോപ്പ് - അപ്പ് ക്യാമ്പുകളും സംഘടിപ്പിച്ചു. ആര്‍.ആര്‍.ടി അംഗങ്ങളുടെയും, ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ വാര്‍ഡ് അടിസ്ഥാനത്തിലാണ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

Content Highlights: Noolpuzha panchayat becomes the first panchayat to complete vaccination in kerala