കെപിഎ മജീദ്
കോഴിക്കോട്: സ്കൂള്‍ കലോത്സവങ്ങളില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിതരണംചെയ്യുക എന്നത് അപ്രായോഗികമാണെന്ന് മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ.പി.എ.മജീദ്. ഭക്ഷണത്തില്‍ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനുമാണെന്നും അദ്ദേഹം പറഞ്ഞു.
'വെജിറ്റേറിയന്‍ വിഭവങ്ങള്‍ എല്ലാവര്ക്കും കഴിക്കാവുന്നതാണ്. അതേസമയം, നോണ്‍ വെജിറ്റേറിയന്‍ താല്പര്യമില്ലാത്തവര് ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ ഇല്ല. ഇത് അപ്രായോഗികവുമാണ്', മജീദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കെ.പി.എ.മജീദിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം...
കേരള സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം നിര്‍ഭാഗ്യകരമാണ്. ഭക്ഷണത്തില്‍ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനുമാണ്. വര്‍ഷങ്ങളായി സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് സജീവമായ ഊട്ടുപുര പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇക്കാലം വരെ അതേച്ചൊല്ലി ഒരു വിവാദം ഉണ്ടായിട്ടില്ല. എന്നാല്‍ പുതിയ വിവാദം ആസൂത്രിതമാണ്. കലോത്സവത്തില്‍ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നത് ഇടത് കേന്ദ്രങ്ങളില്‍നിന്നാണ്. ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിക്കുകയായിരുന്നു.
വെജിറ്റേറിയന്‍ വിഭവങ്ങള്‍ എല്ലാവര്ക്കും കഴിക്കാവുന്നതാണ്. അതേസമയം നോണ്‍ വെജിറ്റേറിയന്‍ താല്പര്യമില്ലാത്തവര് ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ ഇല്ല. ഇത് അപ്രായോഗികവുമാണ്.
ഒരേ പന്തിയില്‍ രണ്ട് ഭക്ഷണം വിളമ്പുന്നതും രണ്ട് തരം ഭക്ഷണത്തിന് വേണ്ടി രണ്ട് ഊട്ടുപുരകള്‍ എന്നതും ശരിയായ കാര്യമല്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചര്‍ച്ച ചെയ്യാതെ ഇനി നോണ്‍ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല.
മതത്തിന്റെയും ജാതിയുടെയും പേരില്‍ ചേരിതിരഞ്ഞ ചര്‍ച്ചകള്‍ ഉണ്ടാകുന്നതിന് വേണ്ടി മാത്രമേ ഇത്തരം വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂ.
സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ചര്‍ച്ചക്ക് തുടക്കമിട്ടത്. ഭക്ഷണത്തില്‍ വിഭാഗീയത വേണ്ട.
Content Highlights: Non-vegetarian impractical at Kerala school kalolsavam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..