കൊച്ചി: ലക്ഷദ്വീപുകാരല്ലാത്തവര്‍ ദ്വീപില്‍ നിന്ന് മടങ്ങണമെന്ന വിവാദ ഉത്തരവ് നടപ്പിലാക്കി തുടങ്ങി. ഇതോടെ കേരളത്തില്‍ നിന്നുമുള്ള തൊഴിലാളികള്‍ അടക്കമുള്ളവര്‍ ദ്വീപില്‍ നിന്നും മടങ്ങിത്തുടങ്ങി. 

30ാം തിയ്യതി മുതല്‍ ലക്ഷദ്വീപ് യാത്രയ്ക്ക് സന്ദര്‍ശക പാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ട് മെയ് 29നാണ് ഉത്തരവ് ഇറക്കിയത്. 30ാം തിയ്യതി മുതല്‍ തന്നെ ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.  ഇതോടെ ജൂണ്‍ ആറിന് ശേഷം എ.ഡി എമ്മിന്റെ പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമെ ദ്വീപില്‍ തുടരാന്‍ കഴിയു. 

തൊഴില്‍ ആവശ്യങ്ങള്‍ക്ക് എത്തിയവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന്‌ നേരത്തെ സൂചനകള്‍  ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് വ്യക്തമായതോടെ  ലക്ഷദ്വീപില്‍ നിന്ന് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടത്തോടെ മടങ്ങുകയാണ്. എ.ഡി.എം പാസ് പുതുക്കി നല്‍കുന്നില്ലെന്ന പരാതിയാണ് ദ്വീപില്‍ നിന്നുയരുന്നത്. സന്ദര്‍ശക പാസുമായി എത്തിയവര്‍ നേരത്തെ തന്നെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ദ്വീപില്‍ നിന്ന് മടങ്ങിയിരുന്നു. അതേ സമയം ലക്ഷദ്വീപ് ജനതയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് പിന്നിലെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ഉള്‍പ്പെടെ ആരോപിക്കുന്നത്. 

ദ്വീപിലുള്ളവരെ മാത്രം അവിടെ നിര്‍ത്തികൊണ്ട് മറ്റുള്ളവരെ പുറത്താക്കുന്നതില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ട്.  ദ്വീപിലെ പരിഷ്‌കാരങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ദ്വീപ് നിവാസികള്‍ മുന്നോട്ട് പോകുമ്പോഴാണ്  ഭരണകൂടം നടപടികള്‍ കടുപ്പിക്കുന്നത്.  കവരത്തി മിനിക്കോയി ദ്വീപുകളിലെ പഞ്ചായത്തുകളിലടക്കം പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്തുകള്‍ അഡ്മിനിസ്‌ട്രേറ്ററുടെ പ്രതിനിധികള്‍ക്കയച്ചു. ദ്വീപിലെ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന 93 സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

Content Highlight: Non residents ousted from Lakshadweep