തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം ജനുവരി 22 വരെയായി വെട്ടിച്ചുരുക്കാന്‍ തീരുമാനം. നേരത്തെ 28 വരെയാണ് സഭ ചേരാന്‍ നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ നോട്ടീസ് അംഗീകരിച്ച് സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന് സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കാനും കാര്യോപദേശക സമിതി യോഗത്തില്‍ തീരുമാനമായി. 

ജനുവരി 21ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചത്. സ്പീക്കര്‍ സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള കേസുകളില്‍ ആരോപണ വിധേയനായ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. നേരത്തെയും സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം അനുമതി തേടിയിരുന്നുവെങ്കിലും 14 ദിവസത്തെ ചട്ടപ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിക്കാന്‍ കഴിയാത്തതിനാല്‍ നോട്ടീസിന് അനുമതി ലഭിച്ചിരുന്നില്ല. 

സഭാ ചരിത്രത്തില്‍ ഇത് മൂന്നാംതവണയാണ് ഒരു സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം സഭയുടെ പരിഗണനയില്‍ വരുന്നത്. 1982 ല്‍ എ.സി ജോസിനെതിരേയും 2004 ല്‍ വക്കം പുരുഷോത്തമനെതിരേയുമുള്ള പ്രമേയങ്ങളാണ് സഭയില്‍ മുമ്പ് ചര്‍ച്ചയ്ക്ക് വന്നിരുന്നത്. രണ്ട് പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു. 

സ്പീക്കറെ നീക്കം ചെയ്യല്‍ പ്രമേയം ചര്‍ച്ചയ്‌ക്കെടുമ്പോള്‍ സ്പീക്കര്‍ ഡയസില്‍നിന്ന് താഴേക്കിറങ്ങി സാധാരണ അംഗങ്ങളുടെ കൂട്ടത്തേക്ക് വരണം. ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കുക. ചര്‍ച്ചയ്‌ക്കൊടുവില്‍ സ്പീക്കര്‍ക്ക് വ്യക്തിപരമായി തന്റെ വിശദീകരണം നല്‍കാനും അവസരമുണ്ട്. ഇതിനുശേഷം പ്രതിപക്ഷ പ്രമേയം വോട്ടിനിടും. 

ഭൂരിപക്ഷമുള്ളതിനാല്‍ വോട്ടെടുപ്പില്‍ ഭരണപക്ഷം തന്നെ വിജയിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ നീക്കം ചെയ്യല്‍ പ്രമേയം പരാജയപ്പെടും. എന്നാല്‍ രാഷ്ട്രീയമായി സ്പീക്കറെയും സര്‍ക്കാരിനെതിനേയും കടന്നാക്രമിക്കാനുള്ള അവസരമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. പ്രമേയം പരാജയപ്പെടുന്ന ഘട്ടത്തില്‍ സ്പീക്കര്‍ക്ക് വീണ്ടും ഡയസിലേക്കെത്തി സഭയെ അഭിസംബോധന ചെയ്യാം.

content highlights: non confidence motion against speaker will discuss on jan 21