ചെന്നൈ: 36 അബ്രാഹ്മണരായ ശാന്തിമാരെ നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ധൈര്യത്തെ അഭിനന്ദിച്ച് നടന് കമല്ഹാസന്. ഈ തീരുമാനം എടുക്കാന്‍ ആര്‍ജ്ജവം കാണിച്ച മുഖ്യമന്ത്രി പിണറായി വിജയനെ തന്റെ ട്വീറ്റിലൂടെ പ്രശംസിക്കുകയും ചെയ്തു കമല്ഹാസന്.
'കൊള്ളാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 36 അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്. പെരിയാറിന്റെ സ്വപ്നം സാര്ഥകമായിരിക്കുന്നു.'എന്നാണ് കമല്ഹാസന് ട്വീറ്റ് ചെയ്തത്.
ഇംഗ്ലീഷിലും തമിഴിലും ദേവസ്വം ബോര്‍ഡ് നിയമനത്തെ പുകഴ്ത്തി കമല്ഹാസന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ അബ്രാഹ്മണരായ ശാന്തിക്കാരെ നിയമിക്കാനുള്ള കേരള സര്‍ക്കാര്‍ നടപടിയെ പ്രകീര്‍ത്തിച്ച് സ്റ്റാലിനും വൈകോയും രംഗത്ത് വന്നിരുന്നു.
ഇത് ചരിത്രപരമായ തീരുമാനമാണെന്ന് ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന് ട്വിറ്ററില്‍ കുറിച്ചപ്പോള്‍ എം.ഡി.എം.കെ. നേതാവ് വൈകോ അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗദീപമാണ് കേരളസര്‍ക്കാരിന്റെ നടപടിയെന്ന് വൈകോ അഭിപ്രായപ്പെട്ടു.
ക്ഷേത്രാചാരങ്ങളില്‍ ആദ്യമായി സാമൂഹികനീതി നടപ്പാക്കിയ പാര്‍ട്ടിയുടെ പിന്തുടര്ച്ചക്കാര് എന്ന നിലയില്‍ ഡി.എം.കെ. ഈ ചരിത്രസംഭവത്തില്‍ സന്തോഷിക്കുന്നുവെന്നാണ് സ്റ്റാലിന് ട്വിറ്ററില്‍ കുറിച്ചത്.
തൊട്ടുകൂടായ്മയ്ക്കെതിരേ കേരളത്തില്‍ നടന്ന വൈക്കം സത്യാഗ്രഹത്തിന് പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ നേതൃത്വം നല്‍കിയത് ഈ അവസരത്തില്‍ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..