കോട്ടയം: നോക്കൂകൂലി നിരോധനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും അഭിനന്ദിച്ച് കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണി രംഗത്ത്. പാര്‍ട്ടി മുഖപത്രമായ പ്രതിഛായയിലാണ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്ന ലേഖനം എഴുതിയിരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് ലേഖനം വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. 

നോക്കുകൂലി നിരോധനം വികസനത്തിന്റെ സൂര്യോദയം എന്ന പേരിലാണ് കെ.എം. മാണിയുടെ ലേഖനം വന്നിരിക്കുന്നത്. നാളെയാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യം പ്രഖ്യാപിക്കുക. 

എല്‍ഡിഎഫിനെ പിന്തുണക്കാനുള്ള നിര്‍ദ്ദേശം പരസ്യമായി കെ.എം. മാണിയുടെ ഭാഗത്തുനിന്നുണ്ടാകില്ല. എന്നാല്‍ അവര്‍ക്ക് വോട്ട് നല്‍കണമെന്നു പറയാതെ പറയുന്ന പരോക്ഷമായ സന്ദേശങ്ങള്‍ പ്രതിഛായയില്‍ വന്നിരിക്കുന്ന ലേഖനം പോലെ അണികള്‍ക്ക് നല്‍കിയേക്കാം.