തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുവാദം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകത്തിന്റെ തീരുമാനം. 

പുതിയതായി സ്ഥാനമേറ്റ ഭരണസമിതിയുടേതാണ് തീരുമാനം. നിയമപരമായും അല്ലാതെയും സാധ്യമായ എല്ലാ രീതിയിലും പ്രതിഷേധം അറിയിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ തീരുമാനം ഇന്ത്യയിലെ മെഡിക്കല്‍ ബിരുദങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയെ ബാധിക്കും. ആയുര്‍വേദ ചികിത്സയുടെയും ആധുനിക ചികിത്സയുടെയും അസ്തിത്വത്തെ ഇത് തകര്‍ക്കും. സങ്കരചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്നും ഐഎംഎ അറിയിച്ചു. 

ആയുര്‍വേദ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഇ.എന്‍.ടി, എല്ല്, കണ്ണ്, പല്ല് തുടങ്ങിയവുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്കായി പരിശീലനം നേടി ശസ്ത്രക്രിയ നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എന്നാല്‍ 25 വര്‍ഷത്തിലേറെയായി ആയുര്‍വേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഈ ശസ്ത്രക്രിയകള്‍ ചെറിയതോതില്‍ നടക്കുന്നുണ്ടെങ്കിലും നിയമപരമാണെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ് ഇപ്പോഴത്തെ വിജ്ഞാപനമെന്നാണ് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ പ്രസിഡന്റ് അറിയിച്ചത്.

Content Highlights: Nod for Ayurveda doctors to do surgeries-ima kerala