എം.എം. മണി, കെ.കെ.രമ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: നിയമസഭയില്‍ കെകെ രമയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് എംഎം മണി. ഒരു നാക്കുപിഴയുമില്ല, പറഞ്ഞത് മുഴുവനാക്കാന്‍ സമ്മതിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്നം ഉണ്ടാവുമായിരുന്നില്ല. അവരുടെ വിധി ആണെന്നാണ് താന്‍ പറഞ്ഞത്. മാപ്പ് പറയാന്‍ മാത്രമൊന്നും താന്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോട് പറഞ്ഞാല്‍ പരാമര്‍ശം പിന്‍വലിക്കാമെന്നും എംഎം മണി പ്രതികരിച്ചു.
'രമ മുഖ്യമന്ത്രിക്കെതിരെ അങ്ങേയറ്റത്തെ പുലഭ്യം പറഞ്ഞിട്ടുണ്ട്. രമയെ മഹതി എന്നാണ് പറഞ്ഞത്. മഹതി നല്ല വാക്കല്ലേ, വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എനിക്കും പെണ്മക്കളില്ലേ', മണി പറഞ്ഞു.
പ്രതിപക്ഷമാണ് വിധവയെന്ന് പറഞ്ഞത്. അപ്പോള്‍ ഞാനെന്റെ നാവില്‍ വന്നത് പോലെ അത് അവരുടെ വിധിയാണെന്ന് പറഞ്ഞു. ഭൂരിപക്ഷം പേരും വിധിയില്‍ വിശ്വസിക്കുന്നവരല്ലേ. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നില്ല. പറഞ്ഞത് ശരിയല്ലെങ്കില്‍ അത് പിന്‍വലിക്കാന്‍ പറയേണ്ടവര്‍ പറയട്ടെ. അതുവരെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുമെന്നും മണി പറഞ്ഞു.
കഴിഞ്ഞദിവസമാണ് എം.എം. മണി നിയമസഭയില്‍ കെ.കെ. രമയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ''ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'', എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.
എംഎം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമസഭ സമ്മേളനം ബഹിഷ്കരിച്ചു. മണിയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണ്. പരാമര്‍ശം പിന്‍വലിക്കാന്‍ എംഎം മണി തയ്യാറാവണം. ചന്ദ്രശേഖരന് കൊലചെയ്യപ്പെട്ടത് പാര്‍ട്ടി കോടതിയുടെ വിധിയാണ്, അത് വിധിച്ച ജഡ്ജി പിണറായി വിജയനാണെന്ന് വി.ഡി സതീശന് പറഞ്ഞു.
ടിപി ചന്ദ്രശേഖരനെ കൊന്നതും തന്നെ വിധവയായി വിധിച്ചതും ആരാണെന്നും കേരളത്തിനറിയാമെന്നാണ് കെകെ രമ എംഎല്‍എ പ്രതികരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..