തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം അതീവസൂക്ഷ്മതയോടെയാണ് നടത്തിയതെന്നും അതിനാല്‍ ഒരു തുള്ളി പോലും പാഴായില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. 

കേന്ദ്രസര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്‌സിനാണ്. ആ വാക്‌സിന്‍ മുഴുവന്‍ ഉപയോഗിച്ചു. ഓരോ വാക്‌സിന്‍ വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്‌റ്റേജ് ഫാക്ടര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടി ആളുകള്‍ക്ക് നല്‍കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അതിനാലാണ് 73,38,860 ഡോസ് നമുക്ക് ലഭിച്ചപ്പോള്‍ 74,26,164 ഡോസ് ഉപയോഗിക്കാന്‍ സാധിച്ചത്. 3,15,580 ഡോസ് വാക്‌സിന്‍ കൂടി ബാക്കിയുണ്ട്. കേന്ദ്രസര്‍ക്കാര്‍ തന്നതില്‍ കൂടുതല്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു എന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ അതീവ ശ്രദ്ധയോടെ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചത് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേകിച്ച് നഴ്‌സുമാരുടെ മിടുക്ക് കൊണ്ടാണ്. ആരോഗ്യ പ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ ഹാര്‍ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമാനാര്‍ഹമായ വിധത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വാക്‌സിനുകള്‍ ലഭിക്കുന്നില്ല എന്നാതാണ് നിലവില്‍ നേരിടുന്ന പ്രശ്‌നം. ഒന്നുകില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിധത്തില്‍ രാജ്യത്തെ വാക്‌സിന്‍ വിതരണം ഉറപ്പുവരുത്തുകയെങ്കിലും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പല തവണ കേന്ദ്രസര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നു. രോഗം ഇത്തരത്തില്‍ വ്യാപിക്കുന്ന സമയത്ത് പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുക എന്നത് അനിവാര്യമാണ്. എല്ലാ വാക്‌സിനും നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. ആ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരുതരത്തിലും ശരിയായ നടപടിയല്ല. 18 വയസ്സുമുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

content highlights: no single drop of vaccine wasted- chief minister pinarayi vijayan