
വനിതാദിനാചരണത്തിന്റെ ഭാഗമായി കൂർക്കഞ്ചേരി സോമിൽ റോഡിൽ വനിതാപോലീസും വനിതാ കൗൺസിലർമാരും തമ്മിൽ നടന്ന ഫുട്ബോൾ മത്സരത്തിൽനിന്ന്
തൃശ്ശൂര്‍: ഇത്തവണ സല്യൂട്ട് ചെയ്യണമെന്നായിരുന്നില്ല, പരിക്കേല്‍പ്പിക്കാതെ വിടണേയെന്നുമാത്രമായിരുന്നു മേയര്‍ എം.കെ. വര്‍ഗീസിന്റെ ആവശ്യം. മേയറുടെ ആവശ്യം കേട്ടതോടെ കൂര്‍ക്കഞ്ചേരിയിലെ സോമില്‍ റോഡിലെ ഫുട്ബോള്‍ കോര്‍ട്ടില്‍ കൂട്ടച്ചിരി. വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതാ പോലീസുദ്യോഗസ്ഥരും കോര്‍പ്പറേഷനിലെ വനിതാ കൗണ്‍സിലര്‍മാരും തമ്മിലുള്ള ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്തപ്പോഴാണ് മേയര്‍ തമാശയുടെ കോര്‍ണര്‍ കിക്ക് തൊടുത്തത്.
ഈ ഫുട്ബോള്‍ മത്സരത്തേക്കാള്‍ വലിയതൊന്ന് മാര്‍ച്ച് 15-ന് നഗരസഭാഹാളില്‍ അവിശ്വാസ പ്രമേയരൂപത്തില്‍ നടക്കുന്നുണ്ട്. ഫുട്ബോള്‍ കളിയില്‍ കൗണ്‍സിലര്‍മാരെ പരിക്കേല്‍പ്പിച്ചാല്‍ 15-ലെ മത്സരം എന്താകുമെന്ന് മേയര്‍ ചിന്തിച്ചിട്ടുണ്ടാകണം. ഡെപ്യൂട്ടി മേയറടക്കം ജഴ്സിയിട്ട് ബൂട്ടും കെട്ടി അണിനിരന്നത് കണ്ടപ്പോള്‍ മേയര്‍ക്കുണ്ടായ ആശങ്ക സ്വാഭാവികം.
ഇരുപതുമിനിറ്റുള്ള സെവന്‍സിലേക്ക് ഇരുടീമുകളും കടന്നതോടെ കളത്തിന് പുറത്തുനിന്ന പുരുഷ കൗണ്‍സിലര്‍മാര്‍ കളം മൂപ്പിച്ചു. ''ആളില്ലാ പോസ്റ്റിലേക്ക് ഗോളടിക്കല്ലേ'', ''കളി പഠിച്ചവരാ കൗണ്‍സിലര്‍മാര്‍''' തുടങ്ങി കൗണ്‍സില്‍ യോഗത്തില്‍ കേള്‍ക്കാറുള്ള വാചകങ്ങള്‍ ഉയര്‍ന്നുകേട്ടു. പോലീസുകാരെ പ്രോത്സാഹിപ്പിക്കാനും ആളുണ്ടായി. ''പോലീസിനോടാ കളി, ''ഒന്നടിച്ചാല്‍ ഇരട്ടി അങ്ങോട്ടുതരും'' തുടങ്ങിയവയായിരുന്നു പോലീസ് ഫാന്‍സിന്റെ ഭാഗത്തുനിന്ന് കേട്ടത്.
കളത്തിന് പുറത്തെന്തുമാകട്ടെ, നമുക്ക് സൗഹൃദമായി കളിക്കാമെന്നായിരുന്നു ഇരുടീമുകളും തമ്മിലുള്ള ധാരണ. അതുകൊണ്ടുതന്നെ ഗോളുകളൊന്നും വീണില്ല. കളിയിലെ കേമിയായി ഗോളിയായ ബി.ജെ.പി. കൗണ്‍സിലര്‍ എന്‍.വി. രാധിക തിരഞ്ഞെടുക്കപ്പെട്ടു.
എല്‍.ഡി.എഫ്.-ബി.ജെ.പി. സഖ്യമാണ് കളിക്കളത്തിലിറങ്ങിയത്. വി. രാധികയും കെ.ജി. നിജിയും ബി.ജെ.പി.യില്നിന്ന്. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപനായിരുന്നു ക്യാപ്റ്റന്‍. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ ലിംനാ മനോജ്, കരോളിന്, രേഷ്മ ഹെമേജ്, സുബി സുകുമാര്‍ എന്നിവരായിരുന്നു മറ്റംഗങ്ങള്‍.
അപര്‍ണാ ലവകുമാറായിരുന്നു പോലീസ് ടീമിന്റെ നായിക. വി.ബി. ലിഷ, പി.കെ. പ്രതിഭ, പി.ബി. ഷിജി, ഐ.എ. ഷീജ, ടി.എസ്. സിനി, സി.എസ്. സിന്ധു, കെ.വി. ചിത്ര, പി.എം. ഷേര്‍ലി, പി.യു. ഷീജ, കെ.വി. രാജി എന്നിവരായിരുന്നു പോലീസിന്റെ കളിക്കാര്‍.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെത്തുടര്‍ന്ന് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ കളത്തിലിറങ്ങിയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..