ആർ.ബിന്ദു, ആരിഫ് മുഹമ്മദ് ഖാൻ | ചിത്രം: മാതൃഭൂമി
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവച്ചുകൊണ്ടുള്ള കോടതി വിധി സന്തോഷം നല്‍കുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. വിധിയെ സ്വാഗതം ചെയ്യുന്നു. മറ്റു കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. ചാന്‍സലറും പ്രോ - ചാന്‍സലറും തമ്മിലുള്ള ആശയവിനിമയം പരസ്യമാക്കുന്നത് ശരിയല്ല. സെര്‍ച്ച് കമ്മറ്റിയെ പിരിച്ചുവിട്ടതിനെപ്പറ്റി ഗവര്‍ണറോട് തന്നെ ചോദിക്കണമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
'ഗവര്‍ണര്‍ തന്റെ പിതാവിന്റെ പ്രായമുള്ള ആളാണ്. തന്നേക്കാള്‍ അനുഭവസമ്പത്തും ജീവിതാനുഭവവുമുള്ള അദ്ദേഹത്തെപ്പറ്റി പരസ്യമായി പ്രതികരിക്കാനില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടത്തുന്ന ആശയവിനിമയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നത് ധാര്‍മികമല്ല' - വി.സിയുടെ പുനര്‍നിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നതിനു പിന്നാലെ മന്ത്രി പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. അതിനെ പിന്തുണയ്ക്കുന്നതാണ് കോടതിവിധിയെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ഹൈക്കോടതി ബുധനാഴ്ച ശരിവെച്ചിരുന്നു. പുനര്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയിലായിരുന്നു വിധി. വിവിധ സര്‍വകലാശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് സര്‍ക്കാരിന് ആശ്വാസകരമായ വിധി വന്നത്.
വി.സിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉപഹര്‍ജിയും കോടതി തള്ളി.
Content Highlights: no public statement against governor says minister r bindu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..