പ്രതീകാത്മകചിത്രം | Mathrubhumi archives
കൊച്ചി: സ്ത്രീകളോട് ആദരം പ്രകടിപ്പിക്കുന്നത് പഴഞ്ചന്‍രീതിയല്ലെന്ന് ആണ്‍കുട്ടികള്‍ തിരിച്ചറിയണമെന്ന് ഹൈക്കോടതി. സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാന്‍ പാടില്ലെന്ന് ആണ്‍കുട്ടികള്‍ പഠിച്ചിരിക്കണം. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റേതാണ് ഉത്തരവ്. കാമ്പസിലെ പെണ്‍കുട്ടികളോടു മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ നടപടിയെടുത്തത് ചോദ്യംചെയ്ത് കൊല്ലത്തെ ഒരു എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥി നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.
സ്കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടിവരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമം പ്രൈമറിക്ളാസുകള്‍മുതല്‍ തുടങ്ങണം. ആണ്‍കുട്ടികളില്‍ പൊതുവേ ചെറുപ്പംമുതല്‍ ലിംഗവിവേചന മനോഭാവം കണ്ടുവരുന്നുണ്ട്. ദുര്‍ബലരായ പുരുഷന്മാരാണ് സ്ത്രീകളെ ഉപദ്രവിച്ച് ആധിപത്യം നേടുന്നതെന്ന് കുട്ടികളെ പഠിപ്പിക്കണം -കോടതി പറഞ്ഞു.
മധ്യകാലഘട്ടത്തിലെ പണ്ഡിതനും ചിന്തകനുമായിരുന്ന ഇബ്നുല്‍ ഖയിം അല്‍ ജൗസിയയുടെ വാക്കുകള്‍ വിധിയില്‍ ഉദ്ധരിച്ചിട്ടുണ്ട്: 'സമൂഹത്തിന്റെ ഒരു പകുതിതന്നെയാണ് സ്ത്രീകള്‍. അവരാണ് മറുപാതിക്ക് ജന്മം നല്‍കുന്നത്. അങ്ങനെ അവര്‍ ഈ സമൂഹം തന്നെയാകുന്നു'.
വിധിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എന്നിവര്‍ക്കും സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങിയ ബോര്‍ഡുകള്‍ക്കും നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. യു.ജി.സി.ക്കും ഇതില്‍ പങ്കുവഹിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി ഫെബ്രുവരി മൂന്നിന് വീണ്ടും പരിഗണിക്കും.
തന്റെ വാദം കേള്‍ക്കാതെയാണ് നടപടിയെന്ന് വിദ്യാര്‍ഥി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ കോളേജ് തലത്തില്‍ പരാതിപരിഹാര കമ്മിറ്റി രൂപവത്കരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: Kerala high courts woman boys college campus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..