കൊച്ചി: കേന്ദ്രത്തിനെതിരേ സമരംചെയ്ത  സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജനുവരി 8,9 തീയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ച തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ജീവനക്കാരനുമായ ജി. ബാലഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. 

വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ ശക്തമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 2019 ജനുവരി എട്ട്, ഒമ്പത് തീയതികളിലാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കിയത്. പണിമുടക്കിയ ഈ രണ്ടുദിവസങ്ങള്‍ അവധിയായി കണക്കാക്കി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ പിന്നീട് ഉത്തരവിറക്കിയിരുന്നു. 

സര്‍ക്കാരിന്റെ ഈ ഉത്തരവ് ചോദ്യംചെയ്താണ് ബാലഗോപാല്‍ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ ഹര്‍ജി പരിഗണിച്ച കോടതി ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പളം തിരിച്ചുപിടിക്കാന്‍ ഉത്തരവിടുകയായിരുന്നു. രണ്ടുമാസത്തിനകം ഈ തുക തിരിച്ചുപിടിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ശമ്പളം തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് ഇനി കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാധരണഗതിയില്‍ ഇത്തരം സമരങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുകയാണ് പതിവ്. എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സമരമായിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ മൗനാനുവാദം സമരത്തിനുണ്ടായിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. 

തൊഴിലാളികള്‍ ഉള്‍പ്പടെയുളള ആളുകള്‍ കൂലി ഉപേക്ഷിച്ചുകൊണ്ട് രണ്ടുദിവസം സമരം ചെയ്യുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരം ഈ രണ്ടുദിവസം അവധിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടു. പൊതുസമൂഹത്തില്‍ ഇത് വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ സൈഹചര്യത്തിലാണ് ബാലഗോപാല്‍ പൊതുതാല്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. 

ജീവനക്കാര്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ജീവനക്കാരുടെ ആവശ്യം കണക്കിലെടുത്തായിരുന്നു അവധി നല്‍കാനുളള തീരുമാനം. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദം തളളിക്കൊണ്ടാണ് സമരദിവസം നല്‍കിയ ശമ്പളം തിരിച്ചുപിടിക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

Content Highlights: No need to pay salary to those who have protested against the Center- HC