ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പ്രധാനവിഷയമെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾ കർവ് പ്രകാരം അംഗീകരിക്കപ്പെട്ട പരമാവധി ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്നു മേൽനോട്ട സമിതി. തങ്ങളുടെ തീരുമാനത്തോട് സമിതി യോഗത്തിൽ കേരളം വിയോജിച്ചിരുന്നു എന്നും മേൽനോട്ട സമിതി സുപ്രീം കോടതിയെ അറിയിച്ചു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണം എന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

അണക്കെട്ടിന്റെ സുരക്ഷയാണ്  പ്രധാന വിഷയമെന്ന് കോടതി വ്യക്തമാക്കി. കേസ് നാളെ പരിഗണിക്കാനായി മാറ്റി. മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉടന്‍ മറുപടി നല്‍കണമെന്ന് കേരളത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. 

അനുവദിക്കേണ്ട പരമാവധി ജലനിരപ്പ് എത്രയാണെന്ന് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ മേല്‍നോട്ട സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഒക്ടോബർ 31 വരെ മുല്ലപെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 138 അടിവരയായി ഉയർത്താം എന്നാണ് റൂൾ കർവിൽ വ്യക്തമാക്കിയിരിക്കുന്നത്.  ഇതിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് മേൽനോട്ട സമിതിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ ഐശ്വര്യ ഭാട്ടി സുപ്രീം കോടതിയിൽ വ്യക്തമാക്കി. തമിഴ്‌നാടിന് ഇത് സ്വീകാര്യമാണെന്നും കേരളം ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായും അവര്‍ അറിയിച്ചു. 

ജലനിരപ്പ് 142 അടിവരെയായി ഉയർത്തുകയും മഴ ഉണ്ടാകുകയും ചെയ്‌താൽ പ്രതിസന്ധിയാകും എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ അണക്കെട്ടിലെ പരാമാവധി ജലനിരപ്പ് 139 അടിയിൽ നിർത്തുകയാണെങ്കിൽ പ്രതിസന്ധിയുടെ തോത് കുറയ്ക്കാൻ കഴിയും എന്നും അദ്ദേഹം വ്യക്തമാക്കി.

2017,2018, 2019 വർഷങ്ങളിൽ കേരളത്തിൽ പ്രളയം ഉണ്ടായെന്നും മുല്ലപെരിയാർ അണക്കെട്ട് പ്രളയത്തിന് കാരണമാകുന്നു എന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദത്തിന് വസ്തുതകളുടെ പിൻബലം ഉണ്ടോ എന്ന് കോടതി ആരാഞ്ഞു. വ്യാഴാഴ്ച രാവിലെ 10.30-നകം ഇതിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 

Content Highlights: No need to change the mullaperiyar water level says the monitoring committee kerala unhappy with report