പത്തനംതിട്ട: ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണയോടെ എൽ.ഡി.എഫിന് ഭരണം ലഭിച്ച പഞ്ചായത്തുകളിൽ പ്രസിഡന്റുമാർ രാജിയിലേക്ക്.

പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. പ്രതിനിധി ബിനുജോസഫ് രാജിവെച്ചു. എസ്.ഡി.പി.ഐയുടെ വോട്ടുകൾ നേടിയാണ് ബിനുജോസഫ് ഇവിടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ എസ്.ഡി.പി.ഐ. പിന്തുണയോടെ ഭരണം വേണ്ടെന്ന നിലപാടിനെ തുടർന്ന് നിമിഷങ്ങൾക്കകം രാജിവെയ്ക്കുകയായിരുന്നു.

റാന്നി പഞ്ചായത്തിൽ ബി.ജെ.പിയുടെ പിന്തുണയോടെ പ്രസിഡന്റായ എൽ.ഡി.എഫിലെ ശോഭ ചാർളിയും ഉടൻ രാജി സമർപ്പിക്കും. കേരള കോൺഗ്രസ് (എം) അംഗമായ ശോഭ ചാർളി രണ്ട് ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി. പിന്തുണയിൽ ഭരണം വേണ്ടെന്ന സി.പി.എം. നിർദേശത്തെ തുടർന്നാണ് ഇവർ പ്രസിഡന്റ് പദം രാജിവെക്കുന്നത്. സി.പി.എം. സംസ്ഥാന നേതൃത്വവും രാജിവെയ്ക്കണമെന്ന് നിർദേശം നൽകിയിരുന്നു.

അതേസമയം, ചിറ്റാർ പഞ്ചായത്തിൽ എൽ.ഡി.എഫ്. പിന്തുണയോടെ കോൺഗ്രസ് അംഗത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. യു.ഡി.എഫിന്റെ അനൗദ്യോഗിക പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന സജി കുളത്തിങ്കലാണ് എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായത്. യു.ഡി.എഫിൽനിന്ന് സജി ഉൾപ്പെടെ രണ്ട് പേരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്ഥാനാർഥിയെ നിർത്താതിരുന്ന എൽ.ഡി.എഫ്. സജി കുളത്തിങ്കലിന് പിന്തുണ നൽകി അട്ടിമറി വിജയം നേടുകയായിരുന്നു.

ജില്ലാ പഞ്ചായത്തിൽ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സി.പി.ഐയുടെ രാജി. പി. രാജപ്പനായിരിക്കും ജില്ലാ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ്. 16 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തിൽ 12 ഇടത്തും വിജയം നേടിയാണ് എൽ.ഡി.എഫ്. ഭരണം പിടിച്ചത്.

Content Highlights:no need sdpi bjp support ldf panchayat presidents resigned