തിരുവനന്തപുരം: കേരളത്തിലെ ആദ്യ മന്ത്രിസഭയായ ഇ.എം.എസ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടിട്ട് ജൂലായ് 31ന് 62 വര്‍ഷം തികയുന്നു. പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ്സും മത-സമുദായ സംഘടനകളും ചേര്‍ന്ന് നടത്തിയ വിമോചന സമരമാണ് ഇ.എം.എസിന് അധികാരം നഷ്ടമാകുന്നതില്‍ കലാശിച്ചത്‌.

1959 ജൂലായില്‍ ചെറിയതുറയില്‍ നടന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഗര്‍ഭിണിയായ ഫ്‌ളോറി പിന്നീട് വിമോചന സമരപോരാളികള്‍ക്ക് മുദ്രാവാക്യമായി മാറി. 

'തെക്ക് തെക്കൊരു ദേശത്ത് തിരമാലകളുടെ തീരത്ത്  ....
ഫ്‌ളോറിയെന്നൊരു ഗര്‍ഭിണിയെ ചുട്ടുകരിച്ചൊരു സര്‍ക്കാരെ...
പകരം ഞങ്ങള്‍ ചോദിക്കും'

എന്നാല്‍ 62 വര്‍ഷം മുന്‍പ് ഇ.എം.എസ് സര്‍ക്കാരിനെ താഴെയിറക്കിയ വിമോചനസമരത്തില്‍ ജീവന്‍ നഷ്ടമായവരെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മറന്നു. ഇ.എം.എസ് സര്‍ക്കാരിനെ ഉലച്ച ചെറിയതുറ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഫ്‌ളോറിയുടെ മകന്‍ ജോര്‍ജ്ജാണ് ഇപ്പോള്‍ ഇത് വെളിപ്പെടുത്തുന്നത്. ഫ്‌ളോറി മരിക്കുമ്പോള്‍ നാലര വയസ്സുണ്ടായിരുന്ന മകന്‍ ജോര്‍ജ്ജിന് 62 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും നീതി ലഭിച്ചിട്ടില്ല. വിമോചന സമരത്തിന്റെ നേട്ടം കൊയ്ത ഭരണകൂടങ്ങള്‍ നീതി നല്‍കിയില്ലെന്ന് പറയുന്നതാകും ശരി. 

സഹായം ചോദിച്ച് താന്‍ പോയപ്പോള്‍ മുഖ്യമന്ത്രി എ.കെ. ആന്റണി കൈമലര്‍ത്തി. സമരം ആഹ്വാനം ചെയ്ത രൂപതകളും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയില്ല. നഷ്ടപരിഹാരത്തിനായി ഇടത് സര്‍ക്കാരിനെ സമീപിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞെന്ന് കോണ്‍ഗ്രസ്സുകാരന്‍ കൂടിയായ ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

പോലീസ് വെടിവെപ്പിന് ഇരയായവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം നല്‍കേണ്ടവര്‍ നല്‍കിയില്ല അതിനാല്‍ ഇപ്പോള്‍ ചോദിച്ച് പോകാനും തയ്യാറല്ലെന്നും ജോര്‍ജ് പറയുന്നു. 

വിമോചന സമരത്തിന്റെ ന്യായാന്യായങ്ങള്‍ അന്നും ഇന്നും തര്‍ക്ക വിഷയമാണ്. എന്നാല്‍ സമരത്തില്‍ പങ്കെടുത്തും അല്ലാതെയും ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലായെന്നുള്ളത് ഒരു യാഥാര്‍ഥ്യവും.

Content highlights: No justice for Flory's family even after she was killed by police 62 years ago