കരിപ്പൂർ ഹജ്ജ്ഹൗസിൽ ഒരുക്കിയ ക്വാറന്റൈൻ മുറി | ഫോട്ടോ: സതീഷ് കുമാർ കെ.ബി | മാതൃഭൂമി
തിരുവനന്തപുരം: വിദേശത്തുനിന്നുള്‍പ്പെടെ കേരളത്തിന് പുറത്തുനിന്ന് എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ വേണ്ടെന്ന് വെച്ച് സംസ്ഥാന സര്‍ക്കാര്‍. വീടുകളിൽ സൗകര്യമുള്ളവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീന്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.
വിദേശത്തുനിന്ന് എത്തുന്ന എല്ലാവരും എഴ് ദിവസം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ഇനി മുതല്‍ പുറത്തുനിന്നു വരുന്നവരെല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീനില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമുണ്ടോയെന്നത് വാര്‍ഡുതല സമിതികള്‍ ഉറപ്പാക്കണം. ഇവര്‍ വീടുകളിലെത്തി ഇക്കാര്യങ്ങള്‍ ഉറപ്പാക്കണം. വീടുകളില്‍ ക്വാറന്റീന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രമേ ഇനി ഇന്‍സ്റ്റിറ്റിയഷണല്‍ ക്വാറന്റീന്‍ ഉണ്ടാകു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പാസുകള്‍ എടുക്കാതെ വരുന്നവരെയും ഇന്‍സ്റ്റിറ്റിയഷണല്‍ ക്വാറന്റീനിലാക്കും.
ഹോം ക്വാറന്റീനില്‍ ഒരു വ്യക്തി എത്തിയാല്‍ ആ വീട്ടിലെ അംഗങ്ങളും നിരീക്ഷണത്തില്‍ കഴിയണം. അതേസമയം എന്തുകൊണ്ടാണ് ക്വാറന്റീന്‍ നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതെന്ന് വിശദീകരിച്ചിട്ടില്ല. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇത്തരത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് മനസിക സംഘര്‍ഷം വര്‍ധിക്കുന്നതും കണക്കിലെടുത്താണ് ഈ തീരുമാനം മാറ്റിയിരിക്കുന്നതെന്നാണ് സൂചന.
Content Highlights: no institutional quarantine in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..