ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാർസഹായം ലഭിച്ചില്ല- പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി


ബി. ബാലഗോപാല്‍| മാതൃഭൂമി ന്യൂസ്

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം | Photo: Mathrubhumi

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് പദ്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി. സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ അഭൂതപൂര്‍വ്വമായ പ്രതിസന്ധി മറികടക്കാന്‍ കഴിയുകയുള്ളൂ എന്നും ഭരണസമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി. കൃഷ്ണ കുമാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനിടെ, കോടതി നിര്‍ദേശപ്രകാരം നല്‍കാനുള്ള 11.7 കോടി രൂപ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കത്ത് നല്‍കും.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതി അധ്യക്ഷന്‍ ജില്ലാ ജഡ്ജി പി കൃഷ്ണ കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അഭൂതപൂര്‍വ്വമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടിയതായി വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ പേരിലുള്ള സ്ഥിര നിക്ഷേപങ്ങളിലെയും സേവിങ്‌സ് ബാങ്ക് അകൗണ്ടിലേയും പണം കൊണ്ടാണ് ഇതുവരെ പ്രതിസന്ധിയെ നേരിട്ടത്. എന്നാല്‍ ഇവ ഉടന്‍ തന്നെ തീരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്ഷേത്രത്തിലെ ചെലവുകള്‍ക്കും ജീവനക്കാരുടെ ശമ്പളത്തിനുമായി ഒന്നേകാല്‍ കോടി രൂപയാണ് പ്രതിമാസം ചെലവാകുന്നത്. എന്നാല്‍ അമ്പത് -അറുപത് ലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ വരുമാനം ലഭിക്കുന്നത്. തിരു കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തിലെ 18 (1) വകുപ്പ് പ്രകാരം പ്രതിവര്‍ഷം ആറ് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് നല്‍കുന്നത്. പണപ്പെരുപ്പത്തിന് അനുസൃതമായി ഈ തുക വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും കൃഷ്ണകുമാര്‍ സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരും പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റും സഹായിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കഴിയുകയുള്ളു എന്നും ഭരണസമിതി അധ്യക്ഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 24 ന് ചേര്‍ന്ന ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തില്‍ ട്രസ്റ്റിന്റെ മുഴുവന്‍ വരുമാനവും ക്ഷേത്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ട്രസ്റ്റ് രൂപീകരിച്ചതുതന്നെ ക്ഷേത്രത്തിന്റെ പ്രയോജനത്തിന് വേണ്ടിയാണെന്നും ഭരണസമിതി അധ്യക്ഷന്‍ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം സുപ്രീം കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.

'തിരുപുവാര' തുക ഉയര്‍ത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും- ക്ഷേത്രം ഉപദേശക സമിതി

49 വില്ലേജുകളിലായുള്ള പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭൂമികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം തിരുപുവാരം ആയി നല്‍കുന്നത് 31998 രൂപ ആണ്. 1970 - 71 കാലഘട്ടത്തില്‍ തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടര്‍ ആണ് ഈ തുക നിശ്ചയിച്ചത്. പണപ്പെരുപ്പം ഉള്‍പ്പടെ കണക്കിലെടുത്ത് ഈ തുക കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്രം ഉപദേശക സമിതി അധ്യക്ഷന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആരാധനാലയങ്ങള്‍ക്കും മത സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന തിരുപുവാരവും മറ്റ് ആനുകൂല്യങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ 2008 മുതല്‍ പത്തിരട്ടി വര്‍ധിപ്പിച്ചു. പദ്മനാഭ സ്വാമി ക്ഷേത്രത്തിന് നല്‍കുന്ന തുക വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായും ക്ഷേത്രം ഉപദേശക സമിതി അധ്യക്ഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

2012 നും 19 നും ഇടയില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചെലവഴിച്ച 11,70,11,000 രൂപ തിരികെ നല്‍കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ തുക എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കാന്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയതായും ഉപദേശക സമിതി അധ്യക്ഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതി അധ്യക്ഷന്‍ ജില്ലാ ജഡ്ജി പി കൃഷ്ണ കുമാറും ക്ഷേത്രം ഉപദേശക സമിതി അധ്യക്ഷന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായരും സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടുകള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.

content highlights: No government help to overcome serious financial crisis- Padmanabhaswamy Temple Administration

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented