എം.ലിജു| Photo: Mathrubhumi
തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.ലിജു. പലപേരുകള്‍ പരിഗണിക്കുന്നത് സ്വാഭാവിക നടപടിയാണ്. പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ കെ. സുധാകരന് ഒപ്പം നില്‍ക്കും. ജെബി മേത്തര്‍ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയുള്ളയാളാണെന്നും ലിജു മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.
സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ ഒരു തരത്തിലുമുള്ള നിരാശയില്ലെന്നും ജെബിയുടെ സ്ഥാനാര്‍ഥിത്വത്തെ പരിപൂര്‍ണ മനസ്സോടെ സ്വാഗതം ചെയ്യുന്നതായും ലിജു പറഞ്ഞു. ലിജുവിന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നല്ലോ എന്ന ചോദ്യത്തിന്- എല്ലാവരും നമ്മളെ അനുകൂലിക്കണമെന്ന് ചിന്തിക്കുന്നതില്‍ അര്‍ഥമില്ലല്ലോ എന്നായിരുന്നു മറുപടി. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടാകും. അതിനെ ആ തരത്തില്‍ മാത്രമേ കാണുന്നുള്ളൂ. അതൊരു ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും ലിജു കൂട്ടിച്ചേര്‍ത്തു.
തോറ്റസ്ഥാനാര്‍ഥികളെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കേണ്ടെന്ന വിമര്‍ശനത്തിന്- വിജയപരാജയങ്ങളെ കണക്കാക്കുന്നത് പ്രസ്ഥാനം നല്‍കിയ ഉത്തരവാദിത്തമായാണെന്നായിരുന്നു മറുപടി. അല്ലാതെ സേഫ് സീറ്റ് അന്വേഷിച്ചു പോയ ഒരാളല്ല ഞാന്‍. പാര്‍ട്ടി പറഞ്ഞ, വളരെ ശക്തമായ റിസ്‌കുള്ള മണ്ഡലത്തില്‍ മത്സരിച്ച ഒരാളാണ് താന്‍. ജയമോ പരാജയമോ തന്നെ വ്യക്തിപരമായി ബാധിക്കുന്ന കാര്യമല്ല. പ്രസ്ഥാനത്തിനു വേണ്ടി നടത്തിയ പോരാട്ടത്തില്‍ ഉണ്ടായ പരാജയമായേ കണക്കാക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോള്‍, പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന സഹപ്രവര്‍ത്തകയാണ്. ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ അവര്‍ സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയാണ്. മിടുക്കിയാണ്. ഇത്തവണ പാര്‍ട്ടി അവസരം നല്‍കിയത് ജെബിക്കാണ്. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ലിജു പറഞ്ഞു.
Content Highlights: no disappointment over rajyasabha candidature says m liju
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..